
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യെ പ്രശംസിച്ച് നടൻ ജോയ് മാത്യു.ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് ‘ആരോ’ എന്ന ചിത്രം യുട്യൂബിൽ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിലാണ് താരത്തിന്റെ പ്രശംസയെന്നും ശ്രദ്ധേയമാണ്.
‘ആരോ’, ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ ‘ആരോ’ എന്ന ഷോർട് ഫിക്‌ഷൻ്റെ യുട്യൂബ് റിലീസിങ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.
തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്‌സ്‌കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല “ആരോ”എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.’ ജോയ് മാത്യു കുറിച്ചു.
‘ചില തോന്നലുകൾ, ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും-ആ അർഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്-അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്‌ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.’ ജോയ് മാത്യു കൂട്ടിച്ചേർത്തു.
ശ്യാമപ്രസാദിനെയും മഞ്ജു വാരിയരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്താണ് ‘ആരോ’ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. എന്നാൽ ചിത്രം ഇറങ്ങിയതിനു പിന്നാലെ പ്രതീക്ഷിച്ചതിലും കൂടുതൽ വിമർശനങ്ങൾ ആണ് കൂടുതൽ ഉയർന്നു വരുന്നത്. മഞ്ജു വാര്യരും ശ്യാമപ്രസാദും നന്നായി അഭിയനിച്ചിട്ടുണ്ടെന്നും ബിജിബാലിന്റെ സംഗീതവും കൊള്ളാമെന്നും പറയുന്ന സോഷ്യല്‍ മീഡിയ പക്ഷെ രഞ്ജിത്തിന്റെ ആശയത്തേയും അവതരണത്തേയുമൊക്കെ വിമര്‍ശിക്കുകയാണ്. റീലില്‍ ഒതുങ്ങേണ്ട വിഷയമാണ് 21 മിനുറ്റുള്ള ഷോര്‍ട്ട് ഫിലിമായി വലിച്ച് നീട്ടിയതെന്നാണ് ചിലരുടെ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ പോലും അടിപൊളി ഷോര്‍ട്ട് ഫിലുമകളുണ്ടാക്കുന്ന കാലത്ത് രഞ്ജിത്ത് ഒരുക്കിയത് പഴഞ്ചന്‍ ആശയങ്ങളുള്ള ചിത്രമാണെന്നും ചിലര്‍ പറയുന്നു. അതേസമയം ഇതൊരു ഷോര്‍ട്ട്ഫിലിം അല്ലെന്നും ബക്കാര്‍ഡിയുടെ പരസ്യമാണെന്നും ചിലര്‍ പറയുന്നു.