“രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്”; അക്കാദമി ചെയർമാൻ നിയമനത്തിൽ ജോയ് മാത്യു

','

' ); } ?>

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തനിക്ക് യാതൊരു വിഷമവുമില്ലെന്നും രവീന്ദ്രനും പുതിയ ടീമിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചിരുന്നെങ്കിലും അവസാന തീരുമാനം സർക്കാരിന്റേതാണെന്ന് ജോയ് മാത്യു മുൻപ് വ്യക്തമാക്കിയിരുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റൊരാളെ നിയമിച്ചതിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തുവർഷം മുൻപ് ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമയിൽ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ തനിക്ക് നിരാശയില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം സൈബർ വിമർശകർക്ക് മറുപടി നൽകിയത്.

‘‘ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ.’’–ജോയ് മാത്യുവിന്റെ വാക്കുകൾ.

നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് അക്കാദമിയുടെ പുതിയ വൈസ് ചെയർപേഴ്സൺ. തെന്നിന്ത്യൻ സിനിമയിൽ സജീവമായ രവീന്ദ്രന്റെ നേതൃത്വം ചലച്ചിത്ര മേഖലയുടെ കലാപരവും സാങ്കേതികവുമായ ഉന്നമനത്തിന് കരുത്തുപകരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നടൻ സലിം ഹസ്സൻ, സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, ധർമ്മജൻ ബോൾഗാട്ടി, സക്കരിയ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ ഡയറക്ടറും ക്യൂറേറ്ററുമായി വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ളയാളാണ് പുതിയ ചെയർമാറായ രവീന്ദ്രൻ.