
നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?’, എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസംകൊണ്ടുപോയിവെച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ’, എന്നായിരുന്നു തോമസ് ഐസക്കിൻ്റെ പരാമർശം.
സംസ്കാരം സമരംചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു. പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു.
തന്റെ പരാമർശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകൾ.