‘ജോസഫ്’ എന്ന ചിത്രത്തിലൂടെ തന്റെ ശക്തമായ നായകവരവറിയിച്ച താരമാണ് ജോജു ജോര്‍ജ്. എം പത്മകുമാര്‍ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ജോജുവിന്റെ മികവുറ്റ പ്രകടനത്താല്‍ ഏറെ ശ്രദ്ധനേടി. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ ജോസഫിനെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച സ്വീകാര്യത നല്‍കി വിജയിപ്പിക്കുകയും ചെയ്തു. ജോജു ജോര്‍ജ്ജിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ജോസഫ്.
വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്ത പക്വതയാര്‍ന്ന പ്രകടനത്തിലൂടെയാണ് ജോജു മികച്ചതാക്കിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ജോസഫ് തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയുമായിരുന്നു. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനായി ജോജു തിരഞ്ഞെടുക്കപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ് കൂടിയായിരുന്നു അത്.
വ്യത്യസ്തമാര്‍ന്നൊരു പ്രമേയവും ജോജു ജോര്‍ജ്ജിന്റെ പ്രകടനംകൊണ്ടുമായിരുന്നു ‘ജോസഫ്’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഏം പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെ ജോജു കാഴ്ചവെച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരുടെ വലിയ പിന്തുണയോടെ നൂറ് ദിവസം തിയ്യേറ്ററുകളില്‍ പൂര്‍ത്തിയാക്കാനും ജോസഫിന് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള മൗത്ത് പബ്ലിസിറ്റിയും ജോസഫിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.
മികച്ച നടനുളള പുരസ്‌കാരം ജോജുവിന് ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ജോസഫ് എന്ന ജോജുവിന്റെ കഥാപാത്രത്തെ അത്രത്തോളം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനായി ജോജു മാറുകയായിരുന്നു. ജോജുവിന്റെ പുരസ്‌കാര നേട്ടം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ജോസഫിനൊപ്പം ‘ചോല’ എന്ന ചിത്രത്തിലെ അഭിനയത്തിനും കൂടിയായിരുന്നു ജോജുവിന് പുരസ്‌കാരം ലഭിച്ചിരുന്നത്.
സംസ്ഥാന പുരസ്‌കാരം ലഭിച്ച ശേഷം ജോജു ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
”ഈ അവാര്‍ഡ് കിട്ടുന്നതിന് മുമ്പേ തന്നെ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു.. കാരണം ഇതിന്റെ നോമിനേഷന്‍സ് ഓണ്‍ലൈനായി ഒക്കെ വന്ന സമയത്ത് മലയാളത്തിലെ വലിയ നടന്മാരോടൊപ്പം ഞാന്‍ മത്സരിക്കുന്നു എന്ന് പറയുന്നത് തന്നെ എന്നെ നംബന്ധിച്ചിടത്തോളം ഞാന്‍ പ്രതീക്ഷിക്കുന്നതിനെക്കാളുമൊക്കെ വലിയ ഒരവാര്‍ഡാണ്. പിന്നെ കിട്ടിയതെല്ലാം ബോണസാണ്.. ഈ അവാര്‍ഡുള്‍പ്പടെ…
ഞാനിഷ്ടപ്പെടുന്ന രണ്ട് സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്നെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ ഈ രണ്ട് സിനിമകളും സഹായിച്ചു. പപ്പേട്ടന് എന്റെ ജോസഫിനെ തന്നതിനും സനലേട്ടന് ചോല തന്നതിനും അവര്‍ക്കാണ് ഞാനിത് സമര്‍പ്പിക്കുന്നത്…”