
\മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്ന് ജോണി ആന്റണി. മമ്മൂട്ടിയുമായി നാല് സിനിമകളിൽ സഹകരിച്ചതിൽ പട്ടണത്തിൽ ഭൂതം മാത്രമാണ് നഷ്ടം വന്നതെന്നാണ് ജോണി ആന്റണി പറഞ്ഞത്.
‘മമ്മൂക്ക എന്റെ ഭാഗ്യനായകന്മാരിൽ ഒരാളാണ്. അദ്ദേഹം എന്റെ നാല് പടത്തിൽ അഭിനയിച്ചു. അതിൽ പട്ടണത്തിൽ ഭൂതം മാത്രമാണ് ചെറിയ നഷ്ടം വന്നിട്ടുള്ളത്. ബാക്കി എല്ലാ പടവും ലാഭമാണ്. ഞാനായതുകൊണ്ടാണ് ഭൂതം നഷ്ടമാണെന്ന് പറഞ്ഞത്. ഉള്ള കാര്യം ഉള്ളതുപോലെ പറയണമല്ലോ. വലിയ നഷ്ടമല്ല എന്നാലും കുറച്ച് പൈസ. പക്ഷേ സാറ്റലൈറ്റിലൊക്കെ ഹിറ്റായി പോയി ആ സിനിമ’, ജോണി ആന്റണി പറഞ്ഞു.
സിഐഡി മൂസ, തുറുപ്പുഗുലാൻ തുടങ്ങി നിരവധി കോമഡി സിനിമകൾ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. മമ്മൂട്ടിക്കൊപ്പം നാല് സിനിമകളിൽ ജോണി ആന്റണി പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ പട്ടണത്തിൽ ഭൂതം ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്. കാവ്യാ മാധവൻ, ഇന്നസെൻ്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, ജനാർദനൻ, രാജൻ പി ദേവ്, സുരേഷ് കൃഷ്ണ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ഉത്പൽ വി നായനാർ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, സംഗീതം ഷാൻ റഹ്മാൻ എന്നിവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പിൽ ജോപ്പൻ എന്ന സിനിമയിലാണ് മമ്മൂട്ടിയും ജോണി ആന്റണിയും അവസാനമായി ഒന്നിച്ചത്.