
ജീത്തു ജോസഫുമായുള്ള ബന്ധം മറ്റൊരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് തകർത്തതാണെന്ന് വെളിപ്പെടുത്തി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. എന്തിനിത് ചെയ്തുവെന്ന് അയാളോട് ചോദിക്കാനോ, അയാളുടെ പേര് പറഞ്ഞ് അയാൾക്കൊരു പരസ്യം കൊടുക്കാനോ താനാഗ്രഹിക്കുന്നില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. ജീത്തു ജോസഫ് സിനിമകളിൽ കാണുന്നില്ലെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകുകയായിരുന്നു താരം.
“ആദ്യ പടം ‘ഡിറ്റക്റ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ. വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എൻ്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകർത്തു! എന്തിനതു ചെയ്തു എന്ന് ചോദിക്കാൻ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല.
പേര് പറഞ്ഞ് അയാൾക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാർക്ക്. ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്നേഹമുള്ളവർക്കായി.”-കുട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.
നേരത്തെ ‘ദൃശ്യം’ സീരീസിൻ്റെ മൂന്നാം ഭാഗത്തിൽ തൻ്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചുള്ള നടന്റെ കുറിപ്പും ചർച്ചയായിരുന്നു. ‘ദൃശ്യം 3’യുടെ ഷൂട്ടിങ് ആരംഭിച്ച വാർത്തകൾക്ക് പിന്നാലെയായിരുന്നു നടൻ്റെ കുറിപ്പ്.