
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘വലതുവശത്തെ കള്ളൻ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഈസ്റ്റർ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറക്കിയത്. “മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം” എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള പ്രമുഖർ ജീത്തുവിന് ആശംസകളുമായി രംഗത്തെത്തി. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിലായി ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.
ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും ‘വലതുവശത്തെ കള്ളൻ’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ടൈറ്റിൽ പോസ്റ്ററിൽ ഒരു മേശയ്ക്കുമേൽ പൊലീസ് കേസ് ഫയൽ, കമ്പ്യൂട്ടർ, വയർലെസ്, താക്കോൽക്കൂട്ടം, കണ്ണട തുടങ്ങിയവയുടെ സാന്നിധ്യം നോക്കുമ്പോൾ ഈ ചിത്രം ഒരു ത്രില്ലർ ആവുമെന്നും പ്രേക്ഷകർ അഭിപ്രായപെടുന്നുണ്ട്.
ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബേസിൽ ജോസഫ് പ്രധാനവേഷം ചെയ്ത ‘നുണക്കുഴി’യാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം. അതേസമയം, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മിറാഷ്’ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിട്ടുണ്ട്.
ആരാധകർ വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന സിനിമ സംവിധായകൻ ആണ് ജീത്തു ജോസഫ് . ആരാധകരെ നിരാശരാക്കാത്ത സിനിമകൾ ആണ് മിക്കപ്പോഴും ജീത്തു എന്ന സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുനന്ത് .. ഈ കാലഘട്ടത്തിൽ മോഹൻലാലിനെ നായകനാക്കി റാം എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു . നിലവിൽ ആ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രേക്ഷകർ കാത്തിരിക്കുന്ന ‘ദൃശ്യം 3’ സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2013 അവസാനത്തോടെയാണ് മോഹൻലാൽ അഭിനയിച്ച ദൃശ്യം എന്ന നാടക-ത്രില്ലർ ചിത്രം പുറത്തിറങ്ങുന്നത് , വിമർശനാത്മകമായും വാണിജ്യപരമായും മികച്ച സ്വീകാര്യത ചിത്രം നേടി. 2016 വരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും ബോക്സ് ഓഫീസിൽ ₹ 50 കോടി കടന്ന ആദ്യ മലയാള ചിത്രവുമായിരുന്നു ഇത്. ജീത്തു ആണ് ദൃശ്യം തമിഴിൽ പുനർനിർമ്മിച്ചത് . മറ്റ് സംവിധായകർ ഇത് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും പുനർനിർമ്മിച്ചു. തുടർന്ന് ജീത്തു ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം സംവിധാനം ചെയ്തു .
ജയരാജിന്റെ സഹസംവിധായകനായി ബീഭത്സം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത് . അതിനുശേഷം, ദിലീപിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു , പക്ഷേ അത് യാഥാർത്ഥ്യമായില്ല. 2007 ൽ ഡിറ്റക്ടീവ് എന്ന ചിത്രം പുറത്തിറങ്ങി. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ജീത്തു ജോസഫ് എന്ന സംവിധായകന്റെ അടുത്ത ചിത്രമായ മമ്മി ആൻഡ് മി ബോക്സ് ഓഫീസിൽ വിജയകരമായിരുന്നു. മൂന്ന് വർഷത്തോളം നിർമ്മിക്കാൻ സമയം എടുത്ത ചിത്രമാണ് മമ്മി ആൻഡ് മി , അദ്ദേഹത്തിന്റെ സംവിധായകനെന്ന നിലയിൽ ഒരു വഴിത്തിരിവായി മാറി ആ ചിത്രം. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ മൈ ബോസും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ജീത്തുവിന്റെ നാലാമത്തെ ചിത്രമായ മെമ്മറീസ് ഒരു സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് , ആ ചിത്രം 2013 ൽ പുറത്തിറങ്ങി അതും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.