വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച പ്രകടനം; ചർച്ചയായി റെട്രോയിലെ ജയറാമിന്റെ കഥാപാത്രം

','

' ); } ?>

സോഷ്യൽ മീഡിയയിൽ കയ്യടി നേടി റെട്രോയിലെ ജയറാമിന്റെ കഥാപാത്രം. സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. ചിത്രത്തിൻറെ റിലീസിന് മുൻപ് ജയറാമിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് ജയറാം ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ അതീ കഥാപാത്രത്തിനാണ് പ്രേക്ഷകരിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും കയ്യടി ലഭിക്കുന്നത്.

ചിത്രത്തിൽ ഡോ. ചാപ്ലിൻ ലോലി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു സീനിൽ സ്റ്റേജിൽ നിന്ന് ജയറാം തമാശകൾ പറയുമ്പോഴും ചിരിക്കാതെയിരിക്കുന്ന കാണികളെ നോക്കുന്നതും അതിനുള്ള കാരണം അറിയുമ്പോഴുള്ള നടന്റെ എക്സ്പ്രഷനുമാണ് അഭിനന്ദനങ്ങൾ നേടുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് മിന്നിമാഞ്ഞു പോകുന്ന ഭാവങ്ങൾ കൊണ്ട് ഈ സീനിൽ ജയറാം അത്ഭുതപ്പടുത്തിയെന്നും തമിഴ് സിനിമ അദ്ദേഹത്തിന് നല്ല റോളുകൾ നൽകണമെന്നുമാണ് സിനിമ കണ്ട ഒരാൾ സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നത്. ഈ ഒറ്റ സീനിൽ ജയറാം സുര്യക്കും മുകളിൽ പോയെന്നും ഒരു നല്ല കംബാക്ക് അദ്ദേഹം അർഹിക്കുന്നെന്നും കമന്റുകളുണ്ട്. ഈ സീൻ ജയറാമിന്റെ റേഞ്ച് എന്താണെന്ന് കാണിച്ച് തരുന്നുണ്ടെന്നും എക്സിൽ പ്രേക്ഷകർ കുറിക്കുന്നുണ്ട്.

വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താനായിട്ടുണ്ടായിരുന്നില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ഒ ടി ടി യിൽ എത്തിയ ശേഷം കഥ മാറി. സിനിമയെ അത്രകണ്ട് അങ്ങോട്ട് വിമർശിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ ‘അബ്രഹാം ഓസ്‍ലർ’ എന്ന സിനിമയ്ക്ക് ശേഷം നടന്റെതായി ഒരു സിനിമയും മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ല. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയറാമെത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു.