അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിന് എതിരേ കുടുംബാംഗം ദീപ ജയകുമാര്‍ കോടതിയെ സമീപിച്ചു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തലൈവിക്ക് എതിരേയാണ് ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാര്‍ രംഗത്തെത്തിയത്. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍ നിന്നും തടയണമെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ എ.എല്‍ വിജയ്, വിഷ്ണു വര്‍ധന്‍, ഗൗതം മേനോന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ഒരു രാഷ്ട്രീയക്കാരിയുടെ ജീവിതം സിനിമയും വെബ് സിരീസുമാകുമ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി എത്രത്തോളം നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ദീപ പറയുന്നു. തലൈവി’ എന്ന ചിത്രത്തിന്റെ സംവിധായകനോ വെബ് സീരിസിന്റെ പ്രവര്‍ത്തകരോ ആരും തന്റെ സമ്മതം വാങ്ങിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നതായി ജയലളിതയുടെ മരുമകന്‍ ദീപക് ജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.