
വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകന്റെ’ റിലീസ് മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിച്ച് കെവിഎൻ പ്രൊഡക്ഷൻസ്. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
സെൻസർബോർഡിൻ്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.
ബുധനാഴ്ച ഉച്ചയ്ക്ക് കോടതി കേസ് പരിഗണിച്ചപ്പോൾ സെൻസർ ബോർഡ് അംഗത്തിന് തന്നെ എങ്ങനെയാണ് പരാതിക്കാരനാകാൻ കഴിയുകയെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ ചോദിച്ചു. നിർദേശിച്ച മാറ്റങ്ങൾ വരുത്തിയില്ലെന്ന് ബോർഡിന് വാദമില്ല. പുതിയ പരാതി ലഭിച്ചുവെന്ന് മാത്രമാണ് വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്ക്രീനിങ് കമ്മിറ്റിക്ക് വിടാനുള്ള അധികാരം ബോർഡ് അധ്യക്ഷനുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ യു/ എ സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ച ചെയർപേഴ്‌സന് പിന്നീട് എങ്ങനെയാണ് ചിത്രം റിവ്യൂവിന് വിടാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. ചെയർപേഴ്സൺ അധികാരം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ബോർഡിന് വേണ്ടി എ.എസ്.ജി വാദിച്ചു. ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് വെള്ളിയാഴ്‌ച രാവിലെ ഹർജിയിൽ വിധി പറഞ്ഞേക്കുമെന്നാണ് വിവരം.