“ഇനിയും വൈകിയാൽ ജനനായകനെതിരെ നിയമ നടപടികൾ സ്വീകരിക്കും”; ആമസോൺ പ്രൈമിൽനിന്ന് താക്കീത് ലഭിച്ചെന്ന് ‘ജനനായകൻ’ നിർമാതാക്കൾ

','

' ); } ?>

ആമസോൺ പ്രൈം വീഡിയോ ജനനായകനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ആരോപിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. റിലീസ് തീയതിയെക്കുറിച്ചുള്ള അവ്യക്തത കാരണമാണ് മുന്നറിയിപ്പെന്നാണ് ആരോപണം. ഡിസംബർ 31-ന് ആണ് ആമസോൺ പ്രൈം വീഡിയോ ഇത്തരമൊരു നിയമപരമായ മുന്നറിയിപ്പ് നൽകിയത്. റിലീസ് തീയതി നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പങ്ങൾ തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന ആശങ്കയാലാണ് അവർ ഈ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ട്. കെ.വി.എൻ പ്രൊഡക്ഷൻസിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ കോടതിയിൽ ഈ കാര്യം അറിയിച്ചിട്ടുണ്ട്.

ജനുവരി 20 ലെ ഹിയറിംഗിലാണ് റിലീസ് തീയതി അനിശ്ചിതമായി തുടർന്നാൽ നിയമനടപടികൾ ഉണ്ടാകുമെന്ന് ആമസോൺ അറിയിച്ചതായി നിർമാതാക്കൾ വെളിപ്പെടുത്തിയത്. ഡിസംബർ 25 മുതൽ ജനുവരി 5 വരെ സെൻസർ ബോർഡിൽ നിന്ന് ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ലെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.

ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അപ്പീൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കവേയാണ് ഈ വിവരം പുറത്തുവന്നത്.

ജനുവരി 9ന് ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് വിധിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. ജസ്റ്റിസ് ആശയായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. സിബിഎഫ്‌സി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച്, അന്ന് തന്നെ സിംഗിൾ ബെഞ്ചിൻ്റെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ വാദത്തിനിടയിൽ ചിത്രത്തിന് 14 കട്ടുകൾ വേണമെന്ന് സെൻസർബോർഡ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇടക്കാല നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

ജനുവരി 9 നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. പ്രദർശനം മാറ്റി വെച്ചതോടെ ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ജനനായകനായി കാത്തിരുന്നത്.