ഓസ്‌കാറിന് പിന്നാലെ ഗോള്‍ഡന്‍ റീലിലും ‘ജല്ലിക്കെട്ട്’

അറുപത്തിയെട്ടാമത് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട്. മികച്ച ഫോറിന്‍ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിവരം ചിത്രത്തിന്റെ സൗണ്ട് എഡിറ്റര്‍ രംഗനാഥ് രവിതന്നെയാണ് അറിയിച്ചത്.

നേരത്തെ ഓസ്‌കാര്‍ പട്ടികയിലേക്കുള്ള ഇന്ത്യയുടെ നാമനിര്‍ദേശമായും ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ ചിത്രം പുറത്താക്കപ്പെടുകയായിരുന്നു.

2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വര്‍ഗ്ഗീസ് ചെമ്പന്‍ വിനോദ്, സാബുമോന്‍ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.