“മീമുകൾ വന്നാലും കുഴപ്പമില്ല, എനിക്ക് എന്റെ അച്ഛൻ തന്നെ വേണം!”; ജേസൺ സഞ്ജയ്‌

','

' ); } ?>

തമിഴ് സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ജേസൺ സഞ്ജയ്‌യുടെ ആദ്യ സംവിധാന സംരംഭം ‘സിഗ്മ’ റിലീസിന് ഒരുങ്ങവേ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ജൂലൈ 31-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്താനിരിക്കെ, ‘ബിഹൈൻഡ്‌വുഡ്സ് തമിഴിന്’ നൽകിയ അഭിമുഖത്തിൽ അച്ഛനും നടനുമായ വിജയ്‌യെക്കുറിച്ച് സഞ്ജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഹോളിവുഡ് ആക്ഷൻ താരം ജെയ്‌സൺ സ്റ്റാഥം ‘സിഗ്മ’ കണ്ട ശേഷം ഒരു തമിഴ് നടനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ ആരെ തിരഞ്ഞെടുക്കും എന്ന അവതാരികയുടെ ചോദ്യത്തിന്, ഒരു നിമിഷം പോലും ആലോചിക്കാതെ “എന്റെ അച്ഛനെ തന്നെ” എന്നായിരുന്നു സഞ്ജയ്‌യുടെ മറുപടി. വിജയ്‌യും ജെയ്‌സൺ സ്റ്റാഥവും ഒന്നിച്ചാൽ അതൊരു ഗംഭീര കോമ്പോ ആയിരിക്കുമെന്നും, ഈ മറുപടിയുടെ പേരിൽ ട്രോളുകളും മീമുകളും വരാൻ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും താൻ ഈ കൂട്ടുകെട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും സഞ്ജയ് ചിരിയോടെ കൂട്ടിച്ചേർത്തു.

വിജയ്‌യും പങ്കാളി സംഗീതയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ, അച്ഛനോടുള്ള സഞ്ജയ്‌യുടെ ഈ പ്രതികരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മുമ്പ് വിജയ് ചിത്രമായ ‘വേട്ടൈക്കാരനി’ലെ “നാൻ അടിച്ചാൽ താങ്ക മാട്ടേൻ” എന്ന ഹിറ്റ് ഗാനരംഗത്തിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവർന്ന സഞ്ജയ്, തന്റെ 24-ാം വയസ്സിലാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കൃത്യമായ സിനിമാപഠനത്തിന് ശേഷമാണ് സഞ്ജയ് ഈ മേഖലയിലേക്ക് ചുവടുവെച്ചത്. 2020-ൽ ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം, തുടർന്ന് ലണ്ടൻ സെൻട്രൽ സ്കൂളിൽ നിന്ന് തിരക്കഥാരചനയിൽ ബിരുദവും കരസ്ഥമാക്കിയിരുന്നു.

വലിയ സാങ്കേതിക തികവോടെ എത്തുന്ന ‘സിഗ്മ’യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് കൃഷ്ണൻ വസന്താണ്. തമൻ എസ് സംഗീത സംവിധാനവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിക്കുന്നു. സഞ്ജീവ് (കോ-ഡയറക്ടർ), ട്യൂണി ജോൺ (പബ്ലിസിറ്റി ഡിസൈൻ), ഹരിഹരസുതൻ (വിഎഫ്എക്സ്), അരുൺ പ്രസാദ് (സ്റ്റിൽസ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറപ്രവർത്തകർ.