സ്ത്രീ നേതൃത്വത്തെ തള്ളിപ്പറയരുത്; ‘അമ്മ’യുടെ രാജിക്ക് പിന്നാലെ വിശദീകരണവുമായി ജഗദീഷ്

','

' ); } ?>

അമ്മയിലെ ഭരണസമിതിയുടെ രാജിക്ക് പിന്നാലെ സംഘടനയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി നടൻ ജഗദീഷ്. ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ സംഘടനാപരമായ വീഴ്ചകളും അച്ചടക്കരാഹിത്യവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ അക്കൗണ്ട്സ് കൃത്യസമയത്ത് അവതരിപ്പിക്കാൻ സാധിക്കാതെ വന്നതും, അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചകൾക്ക് മുൻപേ മാധ്യമങ്ങളിലേക്ക് എത്തിയതും സംഘടനയ്ക്ക് പൊതുസമൂഹത്തിന് മുന്നിൽ വലിയ ചീത്തപ്പേരുണ്ടാക്കി. ഈ സാഹചര്യത്തിൽ അംഗങ്ങളുടെ വികാരം മാനിച്ചാണ് അവിശ്വാസ പ്രമേയത്തിന് മുൻപേ ഭരണസമിതി സ്വയം രാജിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഭരണസമിതി പരാജയപ്പെട്ടുവെന്നതിന് പകരം സംഘടനാപരമായ അച്ചടക്കം പാലിക്കുന്നതിൽ പിഴവുണ്ടായി എന്ന് തന്നെയാണ് ജഗദീഷ് വ്യക്തമാക്കിയത്. അതേസമയം, സ്ത്രീകൾ നേതൃത്വം നൽകിയ ഭരണസമിതി പരാജയമാണെന്ന തരത്തിൽ മാധ്യമങ്ങൾ വ്യാഖ്യാനം നൽകരുതെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. വ്യക്തിപരമായി അവർ മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയിലെ അംഗങ്ങളെ മാതൃകയായിട്ടാണ് സമൂഹം കാണുന്നത് എന്നതിനാൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.

തുടർനടപടികൾക്കായി ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയെയും പ്രഖ്യാപിച്ചു. രമേഷ് പിഷാരടി കൺവീനറായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോക്ടർ റോണി, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ. പുതിയ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതി ഈ കമ്മിറ്റി തീരുമാനിക്കും.