ജെ.സി. ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക്; പുരസ്‌കാരം ജനുവരി 25-ന് മുഖ്യമന്ത്രി കൈമാറും

','

' ); } ?>

2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം സ്വന്തമാക്കി നടി ശാരദ. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കാണ് പുരസ്ക്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം കൈമാറും.

കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80-കാരിയായ ശാരദ. നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും, ലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയും, 2017ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അർഹയാണെന്ന് ജൂറി വിലയിരുത്തി.

1968 ൽ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ശാരദയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടർന്ന് 1972 ൽ അടൂർ ഗോപാലകൃഷ്ണണൻ്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ൽ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവർ ദേശീയ അംഗീകാരം നേടി.

‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് നടി സ്വീകരിച്ചത്. 1965ൽ മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്‌ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാള സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന്, എം.ടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്‌ത ‘മുറപ്പെണ്ണ്’, എം.ടിയുടെ തന്നെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്‌ത ‘ഇരുട്ടിൻ്റെ ആത്മാവ്’എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിൻ്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, രാപ്പകൽ തുടങ്ങി 125 ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ൽ നടന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.