
ക്യാൻസർ ജീവിതത്തെക്കുറിച്ചും അതി ജീവനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മണിയൻപിള്ള രാജു. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തുവെന്നും, സര്‍ജറി ചെയ്തതു കൊണ്ട് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
”ചെവി വേദനയായിരുന്നു തുടക്കം. തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു. സര്‍ജറി ചെയ്തതു കൊണ്ട് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു”. മണിയൻ പിള്ള രാജു പറഞ്ഞു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള നടനാണ് മണിയന്‍പിള്ള രാജു. നടന്‍ എന്നതിലുപരിയായി നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പോയ വര്‍ഷമാണ് മണിയന്‍പിള്ള രാജുവിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് കഠിനമായ ചികിത്സയും പിന്നീടുള്ള വിശ്രമ കാലവും. എല്ലാം മറികടന്ന് അതേ ചിരിയോടെ അദ്ദേഹം മടങ്ങി വരികയാണ്.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച തുടരും ആണ് മണിയന്‍പിള്ള രാജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഭഭബ ആണ് അണിയറയിലുള്ള സിനിമ.