
പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. തനിക്ക് ഏറെ ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ മെസേജ് വന്നിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്ക എന്നെ വിളിച്ചപ്പോൾ ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. അപ്പോൾ മമ്മൂക്ക പറഞ്ഞു, “എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതി. നമുക്ക് പടം ചെയ്യണം. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തരാനാണ് മമ്മൂക്ക നോക്കിയത്. അപ്പോൾ ഞാൻ പറഞ്ഞു മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന്.
പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലെസ് യു എന്നായിരുന്നു അത്. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ ഒരു മെസേജ് വന്നിട്ടുണ്ട്,’ ഷൈൻ ടോം പറഞ്ഞു.
അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഷൈന്റെ പിതാവ് മരണപ്പെടുകയും ഷൈനിനും അമ്മയ്ക്കും ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്തിരുന്നു.