
തമിഴിലെ ഈ അടുത്തു വന്ന സെൻസേഷണൽ സിനിമ ഡ്രാഗണ്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച കീർത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ഡ്രാഗണിലെ കീർത്തിയെന്നും താൻ ഒരുപാട് എൻജോയ് ചെയ്താണ് ആ റോൾ അവതരിപ്പിച്ചതെന്നും അനുപമ പറഞ്ഞു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഒരുപാട് പേർ അഭിനന്ദിച്ച കഥാപാത്രമാണ് ഡ്രാഗണിലെ കീർത്തി. സംവിധായകൻ എന്താണോ ആ കഥാപാത്രത്തിലൂടെ ഉദ്ദേശിച്ചത് അത് നടന്നു. ആ കഥാപാത്രത്തിന് ഉറപ്പായിട്ടും ഒരു ഇമ്പാക്ട് ഉണ്ടാക്കാനായിട്ടുണ്ട്. നല്ല റോൾ ആണെങ്കിൽ അത് ഉറപ്പായും പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും. ഞാൻ ഒരുപാട് എൻജോയ് ചെയ്തു അഭിനയിച്ച കഥാപാത്രമാണ് അത്. തേപ്പുകാരി എന്ന സ്റ്റീരിയോടൈപ്പിനെ ഡ്രാഗണിലെ കഥാപാത്രം പൊളിച്ചെഴുതി’, അനുപമ പരമേശ്വരൻ പറഞ്ഞു.
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയ സിനിമയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമ കൂടിയാണ് ഡ്രാഗണ്‍. ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്. ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ.
കയാദു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.