“ആ സിനിമയിലേക്ക് എന്നെ ഓഡിഷൻ ചെയ്തത് മമ്മൂക്കയാണ്”; മാളവിക മോഹൻ

','

' ); } ?>

“പട്ടം പോലെ”എന്ന സിനിമയിലേക്ക് തന്നെ ഓഡിഷൻ ചെയ്തത് മമ്മൂട്ടിയായിരുന്നെന്ന് വെളിപ്പെടുത്തി നടി മാളവിക മോഹൻ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

”മുംബൈയില്‍ മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ അമ്മയും ഞാനും ഞങ്ങളുടെ അയല്‍ക്കാരായ കുറേ മലയാളികളും ലൊക്കേഷനിലെത്തി. അവിടെ മമ്മൂക്ക ഐപാഡുമായി ഇരിക്കുന്നുണ്ട്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. കുട്ടി എന്താണ് ചെയ്യുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് അടുത്ത പ്ലാന്‍ എന്നായി. ഞാന്‍ എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ എന്റെ മോന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയുണ്ട്. അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞെട്ടിത്തരിച്ച എന്നോട് കുറച്ച് മുന്നോട്ട് പോയി അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വരാന്‍ പറഞ്ഞു. എന്റെ നടത്തം അദ്ദേഹം ഐപാഡില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു സത്യത്തില്‍ ലൈവായൊരു ഓഡിഷന്‍ തന്നെയായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്”. മാളവിക പറഞ്ഞു.

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് പാന്‍ ഇന്ത്യന്‍ നായികയായി വളര്‍ന്ന നടിയാണ് മാളവിക മോഹനന്‍. തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മാളവിക. ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയില്ലെങ്കിലും മാളവിക താരമായി മാറുകയായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ഹൃദയപൂര്‍വ്വം ആണ് മാളവികയുടെ പുതിയ സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.