
ഭർത്താവിന്റെ മരണശേഷം താൻ സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നടി ഇന്ദുലേഖ. കൂടാതെ വിധവയായി ജീവിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്നും, മാറിയിരുന്ന് കരഞ്ഞ അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ഇന്ദുലേഖ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ഞാൻ ഒരു പരിധി വരെ സമൂഹത്തെ പേടിക്കുന്നുണ്ട്. എന്റെ ഭർത്താവ് മരിച്ച സമയത്തും സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് പേടിയായിരുന്നു. അന്ന് മകളും കുഞ്ഞായിരുന്നു. പുറത്തിറങ്ങുമ്പോൾ ഓരോരുത്തരും എന്നെക്കുറിച്ച് പലതും പറയാറുണ്ട്. അതുകൊണ്ട് എല്ലാം ശ്രദ്ധിച്ചായിരുന്നു ചെയ്തിരുന്നത്. പിന്നീട് ചില കാര്യങ്ങൾ എനിക്ക് മനസിലായി. സമൂഹത്തെ പേടിച്ച് ഒതുങ്ങി ഇരിക്കേണ്ട ആവശ്യമില്ല. നമുടെ രീതിയിൽ പോയാലേ ജീവിതം മുന്നോട്ടുപോകുളളൂ എന്നൊക്കെ. എനിക്ക് നന്നായി അറിയുന്നവരിൽ നിന്നാണ് മോശം അനുഭവങ്ങൾ കൂടുതലും ഉണ്ടായിട്ടുളളത്. അങ്ങനെയുളളവരാണ് എന്നെ കൂടുതൽ ഉപദ്രവിച്ചിട്ടുളളത്.” ഇന്ദുലേഖ പറഞ്ഞു.
“വിധവയായി ജീവിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുളള കാര്യമല്ല. ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. മാറിയിരുന്ന് കരഞ്ഞ അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പല കാര്യങ്ങളും കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കും. ഇപ്പോഴും പഴയ രീതിയിൽ ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. വിദ്യാഭ്യാസവും വിവരവുമുളള ആളുകളിൽ പോലും പഴയ രീതിയില് അങ്ങനെ സംസാരിക്കാറുണ്ട്. അതിനുശേഷം ഞാൻ അധികം ആളുകളുമായി വലിയ സൗഹൃദം വയ്ക്കാറില്ല. സിനിമയിലും സീരിയലുകളിലും അവസരം കിട്ടണമെങ്കിൽ പല അഡ്ജസ്റ്റ്മെന്റുകളും ചെയ്യണമെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എല്ലാവരും അങ്ങനെയല്ല. ഏത് രീതിയിൽ മുന്നോട്ടുപോകണമെന്നുളളത് നമ്മളാണ് തീരുമാനിക്കുന്നത്”, ഇന്ദുലേഖ കൂട്ടി ചേർത്തു.
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പരിചിതമായ മുഖമാണ് ഇന്ദുലേഖയുടേത്. കഴിഞ്ഞ 33 വർഷമായി താരം അഭിനയ രംഗത്തുണ്ട്.