
നടി എന്ന നിലയിലുള്ള സിനിമയിലെ വെല്ലുവിളികളെ കുറിച്ച് തുറന്നു സംസാരിച്ച് നടി നിഖില വിമൽ. ‘സിനിമയിൽ നില നിൽക്കുന്നത് ഭയങ്കര സ്ട്രഗിൾ ആയിട്ടുള്ള കാര്യമാണെന്നും, പലരും സർവൈവ് ചെയ്യുന്നത് ഇൻഫ്ലൂവൻസർ, മാർക്കറ്റിങ്ങൊക്കെ ഉള്ളതുകൊണ്ടാണെന്നും’ നിഖില പറഞ്ഞു. വിഐടി ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ശരിയാണ്, പക്ഷെ ഇപ്പോൾ ‘നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും, അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ ചെയ്യും. സത്യമായിട്ടും കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും’, നിഖില വിമൽ പറഞ്ഞു.
“ഭയങ്കര സ്ട്രഗിളാണ്. പലരും സർവൈവ് ചെയ്യുന്നത് ഇൻഫ്ലൂവൻസർ, മാർക്കറ്റിങ്ങൊക്കെ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ എന്ത് ചെയ്യും? അപ്പോഴും ഇൻഫ്ലൂവൻസറാണോ ആക്ടറാണോയെന്ന സ്ട്രഗിളും നിങ്ങൾക്ക് വരും. കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യട്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ വേണ്ടെന്നാണ് ഞാൻ പറയാറ്. മൂന്ന്- നാല് സിനിമകൾ കൂടി ചെയ്തതിന് ശേഷം മാത്രം അതേ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും പറയും. അല്ലാത്തപക്ഷം കൊച്ചിയിൽ വന്ന് നിന്നാൽ സ്ട്രഗിൾ ചെയ്യേണ്ടി വരും. ഞാൻ അടുത്ത കാലത്താണ് കൊച്ചിയിലേക്ക് വന്നത്. പണിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ നാട്ടിൽ പോകും.” നിഖില വിമൽ കൂട്ടിച്ചേർത്തു.
ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നായികയായി നിഖില വിമൽ അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ജോ ആൻറ് ജോ, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങീ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നിഖിലയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. മാരി സെൽവരാജ് ചിത്രം ‘വാഴൈ’ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതേസമയം ‘പെണ്ണ് കേസ്’ ആളാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. തിരക്കഥാകൃത്തായ ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണ് കേസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫെബിനും രശ്മി രാധാകൃഷ്ണനും ചേർന്നാണ്. നവംബറിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.