ഐഎഫ്എഫ്‌കെ പുരസ്‌കാരങ്ങള്‍: ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും ചുരുളിക്കും നേട്ടം

കേരള രാജ്യാന്തര ചലച്ചിത്രമേള 2020 (ഐഎഫ്എഫ്‌കെ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നേടി. ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസറെക്ഷന്‍’ എന്ന ചിത്രത്തിനാണ് സുവര്‍ണചകോരം. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകന്‍ ബഹ്‌മാന്‍ തൗസിയ്ക്കാണ്. പാലക്കാട് നടന്ന ഐഎഫ്എഫ്‌കെയുടെ രജതജൂബിലി പതിപ്പിന്റെ സമാപന സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരദാനം നടത്തി. അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, സിബി മലയില്‍, ബീന പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തില്‍ നിന്നുമുള്ള മികച്ച ചിത്രത്തിനും നല്‍കുന്ന നെറ്റ്പാക്ക് പുരസ്‌കാരം മ്യൂസിക്കല്‍ ചെയര്‍ എന്ന ചിത്രം നേടി.