IFFK 2018 : അതിജീവനത്തിന്റെ സന്ദേശം പകരാന്‍ ‘വെള്ളപ്പൊക്കത്തില്‍’

പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് ഊര്‍ജ്ജം പകരാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘വെള്ളപ്പൊക്കത്തില്‍’ പ്രദര്‍ശിപ്പിക്കും. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 40 മിനിട്ടാണ്. 2007 ലെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം മേളയില്‍ ‘ദി ഹ്യൂമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീബില്‍ഡിംഗ് ‘വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

1924 ല്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അപ്പു എന്ന വളര്‍ത്തുനായയുടെ ദാരുണാന്ത്യമാണ് ചിത്രത്തിന്റെ പ്രമേയം. മെല്‍ ഗിബ്‌സണിന്റെ അപ്പോകാലിപ്‌റ്റോ, ബിഫോര്‍ ദ ഫ്‌ളഡ്, ബീറ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്, മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം, പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.