ഐഎഫ്എഫ്‌ഐ 2018 :ഷോര്‍ട്ട്ഫിലിം സംവിധായകര്‍ക്കായി ‘ടാലന്റ് ഹബ്ബ്’

നവംബറില്‍ ഗോവയില്‍ നടക്കുന്ന 49ാമത് ഐഎഫ്എഫ്‌ഐ ഷോര്‍ട്ട്ഫിലിം സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ‘ടാലന്റ് ഹബ്ബ്’ സംഘടിപ്പിക്കുന്നു.ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു കാണാന്‍ ആഗ്രഹിക്കുന്ന സംവിധായകര്‍ക്ക് അവസരമൊരുക്കുകയാണ് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ്.

30 മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമിനു ഇണങ്ങിയ, പുതുമയുള്ളതും കാഴ്ചപ്പാടില്‍ വ്യക്തത പുലര്‍ത്തുന്നതുമായ ആശയങ്ങളാണ് ‘ടാലന്റ് ഹബ്ബി’നായി പരിഗണിക്കുക. രാജ്യമെമ്പാടുമുള്ള സംവിധായകരും തിരക്കഥാകൃത്തുകളും സമര്‍പ്പിക്കുന്ന എന്‍ട്രികളില്‍ നിന്ന് പത്തെണ്ണമാണ് ഗ്രൂമിങ്ങ് സെക്ഷനിലേക്ക് തിരഞ്ഞെടുക്കുക.പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുകളും ഛായാഗ്രാഹകരും തെരെഞ്ഞെടുക്കപ്പെടുന്ന ടീമിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. 10 ടീമുകളില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മൂന്നു ടീമുകളാണ് ഫൈനലിലേക്കുള്ള യോഗ്യത നേടുക.

തിരഞ്ഞെടുക്കപ്പെടുന്ന ഈ മൂന്നു ടീമുകള്‍ക്കും അവരുടെ സ്‌ക്രിപ്റ്റ് ഷോര്‍ട്ട് ഫിലിം ആക്കി മാറ്റാനുള്ള ഫണ്ടും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് നല്‍കും. തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രിപ്റ്റുകള്‍ക്ക് 10 ലക്ഷം രൂപ ഫണ്ടായി ലഭിക്കും. ഒപ്പം, അടുത്ത വര്‍ഷം നടക്കുന്ന 50ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും.എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ ഏഴാണ്.