രജനികാന്തിന്റെ ആത്മകഥ സംവിധാനം ചെയ്താൽ ആരെയൊക്കെ കാസ്റ്റ് ചെയ്യും? ; മറുപടിയുമായി ലോകേഷ്

','

' ); } ?>

രജനികാന്തിന്റെ ആത്മകഥ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ ആരെയൊക്കെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം നൽകി സംവിധായകൻ ലോകേഷ് കനകരാജ്. ഗോപിനാഥിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുക്ക് ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ട്. അവരിൽ ആര് ചെയ്താലും നല്ലതായിരിക്കും. ഇപ്പോൾ ഉള്ള ഈ ജനറേഷൻ അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്. ഇനി ഞാൻ പഴ്സണലായിട്ട് ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചാൽ രജനി സാറിന്റെ പഴയ കാല ലുക്ക് ചെയ്യാൻ ധനുഷ് സാറിനെ തിരഞ്ഞെടുക്കാം. അതിന് ശേഷമുള്ള 90 ‘s കാലഘട്ടം ചെയ്യാനായി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്’. ലോകേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം രജനികാന്ത് തന്റെ ആത്മകഥ എഴുതുകയാണെന്ന് ഗലാട്ട പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൂലിയുടെ അവസാനത്തെ രണ്ട് ഷെഡ്യൂളുകളിൽ അദ്ദേഹം ആത്മകഥയെഴുതുന്ന തിരക്കിലായിരുന്നുവെന്നും, എന്നും എഴുതുന്നത് താൻ കാണാറുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 14 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ ‘കൂലി’ ഇതിനകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.