ചർച്ചയായി ഒടിടി റിലീസിന് ശേഷമുള്ള “മരണമാസ്സിന്റെ” പ്രേക്ഷക പ്രശംസകൾ. ഓരോ സിനിമയിലും ബേസിൽ ജോസഫ് ഞെട്ടിക്കുകയാണെന്നും അദ്ദേഹം സിനിമയിൽ ഉണ്ടെങ്കിൽ പിന്നെ ഹിറ്റ് ഉറപ്പിക്കാം എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റ്. സിനിമയിലെ തമാശകൾ എല്ലാം വർക്ക് ആയെന്നും ഡാർക്ക് ഹ്യൂമർ ജോണർ വന്നതിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മരണമാസ്സ് എന്നാണ് ചിത്രം കണ്ട മറ്റൊരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്.
ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘മരണമാസ്സ്’. വിഷു റിലീസായി എത്തിയ സിനിമ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയാണ് തിയേറ്റർ വിട്ടത്. ഇപ്പോൾ മരണമാസ്സ് ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും മികച്ച അഭിപ്രായങ്ങളാണ് സിനിമയെ തേടിയെത്തുന്നത്.
തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ബസൂക്ക, ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന, തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമയ്ക്കൊപ്പം ക്ലാഷ് റിലീസ് ചെയ്ത് മരണമാസ്സ് മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ് സിനിമയുടെ കഥ ഒരുക്കിയത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.