“ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും”; ബാബുരാജ്

','

' ); } ?>

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് വ്യക്തമാക്കി നടൻ ബാബുരാജ്.

“എല്ലാ പ്രശ്നങ്ങളിലേക്കും എന്നെ വലിച്ചിഴയ്ക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ഞാൻ അകത്തു തുറന്നു പറയും. അമ്മയ്‌ക്കൊപ്പം എന്നുമുണ്ടാകും. 100% പിന്തുണ നൽകുകയും ചെയ്യും. സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത എന്റെ നല്ല സുഹൃത്താണ്. ശ്വേതക്കെതിരായ കേസില്‍ പുറത്തുവന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ” ബാബുരാജ് പറഞ്ഞു.

ബാബുരാജ് അമ്മയിലേക്ക് മത്സരിക്കുന്നതിനെതിരെ നിരവധി താരങ്ങൾ രംഗത്തു വന്നതിന്റെ ഭാഗമായി ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. നടി ശ്വേതയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിലും ബാബുരാജാണെന്നായിരുന്നു പരസ്യമായ ആക്ഷേപം. എന്നാൽ ബാബുരാജിൻ്റെ പിന്മാറ്റം ശ്വേതയുടെ വിഷയത്തിൽ അല്ലെന്നും സരിത എസ് നായരുടെ പരാതിയെ തുടര്‍ന്നാണെന്നും വ്യക്തമാക്കി നടി മാല പാര്‍വതി രംഗത്തെത്തിയിരുന്നു. എഎംഎംഎയുടെ ആസ്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാല പാര്‍വതി പറഞ്ഞു. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശിക അടച്ചുതീര്‍ത്തു എന്നുമുള്ള ആരോപണവുമായി സരിത എസ് നായര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 504 അംഗങ്ങളാണ് സംഘടനയിലുള്ളത്. ഇതില്‍ 298 പേര്‍ വോട്ട് ചെയ്തു. വിവാദങ്ങള്‍ക്കും വാക്കു തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ പൂര്‍ത്തിയായി. വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

ഉച്ചയ്ക്ക് ശേഷം ജനറല്‍ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗവും നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അമ്മയില്‍ നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്. 506 അംഗങ്ങളുള്ള സംഘടനയിലെ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.

ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരരംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 13 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 4 സീറ്റ് വനിതാ സംവരണം ആണ്.