
“ജോണി വാക്കർ” സിനിമയിലെ വില്ലൻ വേഷം നിരസിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ലാൽ. കഞ്ചാവും ഡ്രഗ്സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ചാൽ അന്നത്തെ തന്റെ ഇമേജിനെ ബാധിക്കുമെന്ന് കരുതിയാണ് അത് വേണ്ടെന്ന് വെച്ചതെന്ന് ലാൽ പറഞ്ഞു. ‘കേരള ക്രൈം ഫയൽസ് സീസൺ 2’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘അന്ന് ഞങ്ങൾ നല്ല ചെറുപ്പക്കാർ, ഒരു കുഴപ്പത്തിനും പോകാത്ത വളരെ നല്ല സംവിധായകർ. നമുക്കള്ളതിനേക്കാള്‍ കൂടുതല്‍ നല്ല പേരു കിട്ടിയിരിക്കുന്ന ആളുകളാണ്. ഒട്ടും നമ്മൾ ചീത്തയാകാൻ പാടില്ലെന്ന ബാധ്യതയും ആ സമയത്ത് ഞങ്ങൾക്കുണ്ട്. എല്ലാവരും നല്ല പിള്ളേർ, നല്ല പിള്ളേർ എന്നു പറയുമ്പോൾ ഒരു കുഴപ്പവും ചെയ്യാൻ പറ്റാത്ത അവസ്ഥ. ആ സമയത്താണ് ‘ജോണി വാക്കർ’ വരുന്നത്.
കഞ്ചാവും ഡ്രഗ്സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലൻ. ഇമേജിനെ അതു ബാധിക്കുമെന്ന തോന്നൽ അന്നു വന്നതുകൊണ്ട് ഇല്ല എന്നു പറഞ്ഞു. പക്ഷേ കാലം കഴിയുന്തോറും ബുദ്ധി കൂടുമല്ലോ, കുറച്ചുകൂടി ബുദ്ധിവച്ചപ്പോഴാണ്, കളിയാട്ടത്തിനുവേണ്ടി ജയരാജ് വീണ്ടും വിളിക്കുന്നത്. അതിനു പുറമെ അതൊരു ഷേക്സ്പിയറിന്റെ കഥാപാത്രമാണെന്നും അറിഞ്ഞു. അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് സംവിധായകൻ സിദ്ധിഖും ഫാസിൽ സാറിന്റെ സഹോദരനും എന്നോടു പറഞ്ഞു. അങ്ങനെയാണ് ‘കളിയാട്ടം’ ചെയ്യുന്നത്,’ ലാൽ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി 1992 ൽ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കർ. ചിത്രത്തിന് ഇന്നും ആസ്വാദകരുണ്ടെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലെ ഗാനങ്ങളൊക്കെയും ഇന്നും സൂപ്പർ ഹിറ്റ് ആണ്. അതേസമയം, കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്, ലാലിന്റെയും അജുവർഗീസിന്റെയും പ്രകടങ്ങൾക്ക് മികച്ച അഭിപ്രായമുണ്ട്. ഇന്ദ്രൻസും കലക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മൂർച്ചയുള്ള കഥ എന്നാണ് സീരിസിന്റെ തിരക്കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായം. അഹമ്മദ് കബീറിന്റെ സംവിധാനത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്.