ഒരുകാലത്ത് ഞാൻ ഒരു പ്രാദേശിക നടനായി മാത്രമേ സ്വയം കരുതിയിരുന്നുള്ളൂ. എന്നാൽ ‘പുഷ്പ’ എന്ന ചിത്രം എന്നെ ദേശീയ തലത്തിൽ പരിചയപ്പെടുത്തി; അല്ലു അർജുൻ

','

' ); } ?>

ഇന്ത്യൻ സിനിമ ശക്തമായി വളരുന്നുവെന്നും ഉടൻ തന്നെ ആഗോള ബോക്സ് ഓഫീസിൽ വലിയ സ്വാധീനം ചെലുത്തുമെന്നും പ്രശസ്ത നടൻ അല്ലു അർജുൻ അഭിപ്രായപ്പെട്ടു. മുംബൈയിൽ നടക്കുന്ന ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയായ ‘വേവ്സ് സമ്മിറ്റ് 2025’ന്റെ ഭാഗമായ ‘ടാലന്റ് ബിയോണ്ട് ബോർഡേഴ്സ്’ സെഷനിലാണ് അദ്ദേഹം സംസാരിച്ചത്.

“നമുക്ക് വളരെ വലിയൊരു ചലച്ചിത്ര വ്യവസായമുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും ആഗോള ബോക്സ് ഓഫീസിൽ തക്ക രീതിയിലുള്ള സ്വാധീനം ചെലുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ അത് സംഭവിക്കാൻ തുടങ്ങുകയാണ്,” അല്ലു അർജുൻ വ്യക്തമാക്കി. ഇന്ത്യ എന്ന രാജ്യം വളർന്നു വരികയാണെന്നും, ഇന്ത്യൻ സിനിമ ആഗോളതലത്തിൽ മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.

തന്റെ കരിയർ വളർന്ന വഴിയെ കുറിച്ചും അഭിനേതാവ് ഓർത്തെടുത്തു. “ഒരുകാലത്ത് ഞാൻ ഒരു പ്രാദേശിക നടനായി മാത്രമേ സ്വയം കരുതിയിരുന്നുള്ളൂ. എന്നാൽ ‘പുഷ്പ’ എന്ന ചിത്രം എന്നെ ദേശീയ തലത്തിൽ പരിചയപ്പെടുത്തി. ഇപ്പോൾ ഇന്ത്യ മുഴുവനും എന്നെ തിരിച്ചറിയുന്നു,” അദ്ദേഹം പറഞ്ഞു.

തമിഴ് സംവിധായകൻ അറ്റ്ലിയുമായി സഹകരിച്ച് ഒരുങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ചും അല്ലു അർജുൻ സമ്മിറ്റിൽ വെളിപ്പെടുത്തി. “ഇത് ഒരു പൂർണ്ണമായും ഇന്ത്യൻ ഭാവുകത്വം ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര അവതരണ ശൈലിയിലുള്ള സിനിമയായിരിക്കും. പുതിയൊരു ദൃശ്യവിസ്മയം സൃഷ്ടിക്കാനാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം വ്യക്തമാക്കി. സൂപ്പർ ഹീറോ കഥാപാത്രത്തിൽ അല്ലു അർജുൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ഓഗസ്റ്റിൽ ആരംഭിക്കും.