
രജനികാന്തിൻ്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തി നടൻ സത്യരാജ്. സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ആ റോളിലേക്ക് ടൈപ്കാസ്‌റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നാണ് അത്തരമൊരു തീരുമാനമെടുത്തതെന്നാണ് സത്യരാജ് പറയുന്നത്. ‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രജനികാന്ത് സിനിമകളിൽ സത്യരാജ് അഭിനയിക്കില്ലെന്ന പഴയ അഭ്യുഹങ്ങൾ വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശങ്കർ ചിത്രം ‘ശിവാജി’യിൽ വില്ലൻ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടം സത്യരാജ് നിരസിച്ചതോടെയാണ് രജനി ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ആ സമയത്ത് ഞാൻ എന്റെ നായക പരിവേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്റെ സിനിമകളൊക്കെ പരാജയമായിരുന്ന ആ ഘട്ടത്തിൽ മാർക്കറ്റ് തിരിച്ചുപിടിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. അപ്പോഴാണ് ശിവാജിയിലേക്ക് ശങ്കർ വിളിക്കുന്നത്. വീണ്ടും വില്ലൻ വേഷങ്ങളിൽ കുടുങ്ങിപ്പോകുമോ എന്ന് പേടിച്ചാണ് ഞാൻ ആ വേഷം നിരസിച്ചത്.’ സത്യരാജ് പറഞ്ഞത്.
‘മിസ്റ്റർ ഭരത്’ എന്ന സിനിമയിൽ രജനികാന്തിൻ്റെ അച്ഛനായി സത്യരാജ് അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ സിനിമകളിൽ ചെറിയ വേഷങ്ങളിലും സത്യരാജ് പ്രത്യക്ഷപ്പെട്ടു. ഒരു ഘട്ടത്തിൽ, സത്യരാജ് രജനികാന്ത് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി എന്ന് ആരോപണങ്ങൾ ഉയർന്നു. പല കാരണങ്ങളും അന്ന് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശങ്കറിൻ്റെ ‘ശിവാജി’ എന്ന ചിത്രത്തിലെ വില്ലൻ വേഷം നിരസിച്ചത് അക്കാലത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തനിക്ക് നൽകുന്ന അതേ പ്രതിഫലം സത്യരാജിന് നൽകാമെന്ന് പറഞ്ഞിട്ടും അന്ന് സത്യരാജ് ആ വേഷം സ്വീകരിച്ചില്ലെന്ന് ‘കൂലി’യുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയിറങ്ങിയ ലോകേഷ് കനകരാജ് ഒരുക്കിയ ‘കൂലി’യിൽ രജനികാന്തിന്റെ അടുത്ത സുഹൃത്തായാണ് സത്യരാജ് എത്തുന്നത്. അത്യധികം ആവേശത്തോടെയാണ് ആരാധകർ കഥാപാത്രത്തെ സ്വീകരിച്ചത്.