
തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് കണാരൻ. “എന്റെ നില ഗുരുതരമെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്,” എന്ന കുറിപ്പോടൊപ്പം അദ്ദേഹം വ്യാജ വാർത്തയുടെ സ്ക്രീൻഷോട്ടും ഫേസ്ബുക്കിൽ പങ്കുവച്ചു.
എനിക്ക് യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ, എന്നും അദ്ദേഹം ചോദിച്ചു.
വാർത്തയ്ക്ക് താഴെ നടൻ നിർമൽ പാലാഴിയും കമന്റുമായി എത്തി. “അഡ്മിനെ, റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങള്ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി,” എന്നായിരുന്നു നിർമലിന്റെ വാക്കുകൾ. “ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാണ്. പത്രത്തിൽ നിന്നും വിളിച്ചപ്പോഴാണ് അവനും ഈ വ്യാജവാർത്തയെക്കുറിച്ച് അറിഞ്ഞത്,” എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലുള്ള വ്യാജ പേജുകൾ അടച്ചുപൂട്ടണമെന്നും, നിയമപരമായി നടപടി സ്വീകരിക്കണമെന്നും നിരവധി ആരാധകർ പോസ്റ്റിന് കീഴിൽ കമന്റിലൂടെ ആവശ്യപ്പെട്ടു.