
റിയൽ ലൈഫിൽ മോഹൻലാൽ എന്ന നടൻ വിഷമിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ സംഗീത പ്രതാപ്. കൂടാതെ മോഹൻലാൽ പൊതുവെ ശാന്തനാണെന്നും അദ്ദേഹത്തിന് ദേഷ്യപ്പെടാനോ സങ്കടപ്പെടാൻ പോലും ഇഷ്ടമല്ലെന്നും സംഗീത് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ലാലേട്ടൻ വളരെ ശാന്തനാണ്. പ്രശ്നങ്ങളിൽ ചെന്ന് നിൽക്കാൻ ഇഷ്ടമല്ലാത്ത, ഈ നിമിഷത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. വിഷമിക്കാൻ പോലും അദ്ദേഹത്തിന് ഇഷ്ടമല്ല. ഷാജി എൻ കരുണിന്റെ മരണത്തിന് മുന്നേ അദ്ദേഹത്തിന് സീരിയസ് ആണെന്നുള്ള വിവരം വന്നു. ലാലേട്ടൻ ഞങ്ങളുടെ അടുത്ത് വന്ന് ഇരിക്കുന്ന സമയത്തായിരുന്നു അത്. റിയൽ ലൈഫിൽ മോഹൻലാൽ എന്ന നടൻ വിഷമിക്കുന്നത് അന്ന് ഞാൻ കണ്ടു. വയ്യ എന്നൊക്കെ സത്യൻ സാറിനോട് അദ്ദേഹം പറയുന്നത് കണ്ടു’. സംഗീത പ്രതാപ് പറഞ്ഞു.
“അടുത്ത ഷോട്ട് എടുക്കാനുള്ള സമയമായി. അപ്പോള്‍ പുള്ളി പെട്ടന്ന് മാറി. മൂഡ് ഓഫ് ആണെങ്കിലും അടുത്ത സെക്കൻഡിൽ അദ്ദേഹം ഓക്കേ ആകും. അത് എനിക്ക് ഭയങ്കര ലേണിംഗ് ആയിരുന്നു. ലാലേട്ടൻ ആ നിമിഷത്തിന്റെ സങ്കടവും സന്തോഷവും എല്ലാം ആസ്വദിക്കുന്ന മനുഷ്യനാണ്’ സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.
സംഗീത പ്രതാപും മോഹൻലാലും ഒരുമിക്കുന്ന “ഹൃദയപൂർവം”ആഗസ്റ്റ് 28 ന് ഓണം റിലീസായി തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.