
“താൻ മലയാള സിനിമയെ ഭരിക്കുകയല്ലയെന്നും, മലയാള സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നും” മാധ്യമ പ്രവർത്തകയെ തിരുത്തി മോഹൻലാൽ. വളരെ കാലമായി മലയാള സിനിമ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കൾ, അതേക്കുറിച്ച് സംസാരിക്കാമോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് പ്രതികരണം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ അവാർഡ് അഭിമാനമായി കാണുന്നു. എനിക്ക് മാത്രമല്ല മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണ്. ഞാൻ മലയാള സിനിമയെ ഭരിക്കുകയല്ല.അതിൻ്റെ ഭാഗം മാത്രമാണ്”. മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി മോഹൻലാലിനെ അഭിനന്ദിച്ചു.