നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. തന്റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെ ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്. പണ്ട് ചെയ്തിരുന്ന ചില കാര്യങ്ങൾ, വർഷങ്ങൾക്ക് മുൻപ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല”. ബച്ചൻ കുറിച്ചു
“ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഉള്ളിൽ, ഞാൻ പുഞ്ചിരിക്കും, അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്’. ബച്ചൻ കൂട്ടിച്ചേർത്തു.