
യുവ രാഷ്ട്രീയ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് നടി റിനി ആന്‍ ജോര്‍ജ്. “അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും, മോശമായി അപ്രോച്ചുകള്‍ നടത്തിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കുകയല്ല തന്റെ ഉദ്ദേശമെന്നും റിനി ആന്‍ കൂട്ടിച്ചേർത്തു. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
“എനിക്ക് കേരളത്തിലെ വളരെ പ്രമുഖനായ ഒരു യുവ നേതാവില്‍ നിന്ന് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതായത് അശ്ലീല സന്ദേശങ്ങള്‍ അയക്കുക. മോശമായ അപ്രോച്ചുകള്‍ ഉണ്ടാവുക. എന്നൊക്കെ. ഇതേ കുറിച്ച് പല ഫോറങ്ങളിലും പരാതികളായി ചെല്ലുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി നില്ക്കുന്നു എന്ന് പറയുന്നവര്‍ പോലും സ്ത്രീകളുടെ കാര്യത്തില്‍ who cares? എന്ന ആറ്റിറ്റിയൂഡാണ് എടുക്കുന്നത്”, റിനി ആൻ പറഞ്ഞു.
“താങ്കള്‍ ഈ രീതിയില്‍ പെരുമാറരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും ഈ വ്യക്തിയോട് പറഞ്ഞിരുന്നു. എന്നാല്‍, ഇതിലും വലിയ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ നോക്കൂ, അവര്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. ഈ വിഷയത്തില്‍ എന്ത് പ്രചാരണം നടന്നാലും കേസ് വന്നാലും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന രീതിയിലും, തനിക്ക് എല്ലാവിധ സംരക്ഷണവും കിട്ടുമെന്നും അയാൾ പറഞ്ഞു.
മൂന്നര വര്‍ഷം മുമ്പ് സാമൂഹികമാധ്യമ അക്കൗണ്ട് വഴിയാണ് ഇരുവരും പരിചയം തുടങ്ങിയത്. പിന്നീട് യുവ നേതാവ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴിയും ടെലിഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം പല മോശം സന്ദേശങ്ങളും അയക്കുകയും മോശമായി അപ്രോച്ച് ചെയ്യുകയും ചെയ്തു. നടി പലതവണ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിലക്കിയിട്ടും ഒരു സുഹൃത്ത് എന്ന നിലയില്‍ ഉപദേശിച്ചിട്ടും മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന സന്ദേശം വന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ അഭിമുഖം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ഗിന്നസ് പക്രു നായകനായി എത്തിയ 916 കുഞ്ഞൂട്ടന് എന്ന ചിത്രത്തിലാണ് റിനി ആന്‍ ജോര്‍ജ് അഭിനയിച്ചത്. ആര്യന് വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്. മെയ് 23ന് തിയേറ്ററിലെത്തിയ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച റിനി ആന്‍ ജോര്‍ജിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 916 കുഞ്ഞൂട്ടന്.