നടനും മിമിക്രി താരവുമായ കലാഭവൻ നിജുവിന്റെ വിയോഗത്തിൽ അനുസ്മരിച്ച് സംവിധായകനും നാടകപ്രവർത്തകനുമായ ഐ.ഡി. രഞ്ജിത്ത്. മോണോ ആക്ടും മിമിക്രിയും അഭിനയവുമെല്ലാം നിജുവിന്റെ ശ്വാസമാണെന്ന് തോന്നിയിട്ടുണ്ടെന്ന് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉപജീവനത്തിനായി ബസ് സ്റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യവും കപ്പയും വിൽക്കുന്നതുൾപ്പെടെ നിജു പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായിരുന്നു. അപ്പേഴും നിജുവിന് സംസാരിക്കാനുണ്ടായിരുന്നത് കലയേക്കുറിച്ചും ശോഭനമായ ഭാവിയെക്കുറിച്ചുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കലാജീവിതത്തിനിടെ നന്മയിൽ അംഗമായി വരികയും നമ്മുടെ സാംസ്കാരിക വിരുന്നിൽ തൻ്റെ പ്രതിഭ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നിജു അനുഭവിക്കുന്ന ആത്മരതി നാം കണ്ടവരാണ്. മോണോ ആക്റ്റ്, മിമിക്രി, അഭിനയം എന്നത് നിജുവിൻ്റെ ശ്വാസമാണ് എന്ന് സംസാരങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ആ രീതിയിൽ അടയാളപ്പെടുത്താൻ അവസരങ്ങൾ ലഭിക്കാത്തതിന്റെ വേദനയും.
കലാകാരനെ നിലനിർത്തുന്ന തന്റെ ലക്ഷ്യത്തിലെത്താനുള്ള അതിജീവനത്തിന്റെ ഊർജ്ജമാണ് നിജുവിനെ ഈ സിനിമയിൽ എത്തിച്ചത്. പക്ഷേ നിജു… ജീവിതവഞ്ചിയെ കരക്ക് അടുപ്പിക്കുവാൻ ബസ് സ്റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷ കൊണ്ടു വന്നിട്ട് മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പന തുടങ്ങി പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായത് ഓർമ്മയിൽ വരുന്നു. അപ്പോഴും നിജുവിന് സംസാരിക്കുവാൻ ഉണ്ടായിരുന്നത് തന്നിലെ കലയോടും അതിൻ്റെ നാളെയുടെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. സിനിമ ആത്മാർത്ഥമായി സ്വപ്നം കണ്ട നിജു വലിയ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്നു.. പ്രണാമം” രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം കന്നഡ ചിത്രം കാന്താര 2 ലെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോൾ ഹൃദയാഘാതം വന്നതിനെ തുടർന്ന് നിജുവിനെ ഹോസ്പിറ്റലിലാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു. തൃശൂർ വാടാനപ്പള്ളി സ്വദേശിയാണ് നിജു. നിരവധി ചാനൽ റിയാൽറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള നിജു കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് വൊഡാഫോൺ കോമഡി റിയാലിറ്റി ഷോയിലെ താരമായിരുന്നു. കൂടാതെ മിമിക്രി ആർടിസ്റ്റ് അസോസിയേഷനിൽ മെമ്പറും ആയിരുന്നു നിജു. മാളികപ്പുറം, മാർക്കോ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
കാന്താര സിനിമയുടെ ലൊക്കേഷനിൽ വെച്ച് മരണപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് നിജു കലാഭുവൻ. മേയ് 6–ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിക്കേണ്ടിയിരുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.