
“തില്ലു സ്ക്വയർ” എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിന് ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെന്നും, ചിത്രത്തിലെ വേഷം തന്റെ യഥാർത്ഥ ജീവിതത്തിൽ നിന്ന് വളരെ ദൂരെ ആയിരുന്നുവെന്നും തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ. കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
‘തില്ലു സ്ക്വയർ എന്ന സിനിമയ്ക്ക് യെസ് പറയാൻ ഞാൻ ഒരുപാട് സമയമെടുത്തു. തീരുമാനമെടുക്കാൻ വളരെ പ്രയാസം തോന്നിയ ഒരു സിനിമയാണത്. എന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ റോൾ. സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ല’.അനുപമ പരമേശ്വരൻ പറഞ്ഞു.
‘ആ വേഷം എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിൽ ഒരുപാട് ആരാധകർ വിമർശനം അറിയിച്ചിട്ടുണ്ട്. അവർക്ക് ഇഷ്ടമായില്ലെന്നു പറഞ്ഞു. അങ്ങനെ ഒരു റോൾ ചെയ്താൽ ജനം എങ്ങനെ അത് സ്വീകരിക്കും എന്ന കാര്യത്തിലും എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും ആളുകളിൽ ചിലർ ആവേശം സ്വീകരിച്ചു. നായകനെക്കാൾ ശക്തമായ വേഷമായിരുന്നു അത്,’ അനുപമ പരമേശ്വരൻ കൂട്ടിച്ചേർത്തു.
നടിയുടെ ഏറ്റവും പുതിയ ചിത്രം പർദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്. അനുപമ പരമേശ്വരനെ കൂടാതെ ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണ് പർദ്ദ. ആഗസ്റ്റ് 2 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.