“ജൂറിയുടെ തീരുമാനം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇതൊക്കെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നതാണ്, മാറാൻ ഒന്നും പോകുന്നില്ല”; വിജയരാഘവൻ

','

' ); } ?>

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനെതിരെ വിവാദങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ വിജയരാഘവൻ. 43 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നും അതിന്റെ വലിപ്പ ചെറുപ്പം നോക്കാൻ താൻ ആളല്ലെന്നും വിജയരാഘവൻ പറഞ്ഞു. കൂടാതെ ജൂറിയുടെ തീരുമാനം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“അവാർഡ് നിർണയത്തെപ്പറ്റി എനിക്ക് ചില അഭിപ്രായ വ്യത്യാസമുണ്ട്. കഴിഞ്ഞ വർഷം മികച്ച സ്വഭാവ നടൻ എന്ന നിലയിലാണ് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. അങ്ങനെ വരുമ്പോൾ ബാക്കി ഉള്ളവർ ഒന്നും ചെയ്യുന്നത് കഥാപാത്രം അല്ലേ?.കഥാപാത്രത്തിന് പേരുണ്ട്, അയാൾക്കൊരു ജീവിതമുണ്ട്, ആ ജീവിതം പകർത്താലാണ് നടന്റെ ജോലി. ഒരു നടനിൽ കൂടി കഥാപാത്രത്തെ സൃഷ്ടിക്കുന്നതാണ് അഭിനയം.
എല്ലാവരും കഥാപാത്രമായി അഭിനയിക്കുമ്പോൾ മികച്ച സ്വഭാവ നടൻ എന്നൊക്കെ പറഞ്ഞു അവാർഡ് തരുന്നത് എന്തുകാര്യത്തിനാണ്?. അഭിനയത്തിന് ഒരിക്കലും മത്സരിക്കാൻ കഴിയില്ല. ഇത് വെറുതെ ഒരു കൺസെപ്റ്റ് ആണ്. ഒന്നുകിൽ മത്സരിക്കാൻ പോകരുത്, പോയാൽ ജൂറി തീരുമാനിക്കുന്നതിനെ ചോദ്യം ചെയ്യാൻ പോകരുത്. ഇതൊക്കെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നതാണ്, മാറാൻ ഒന്നും പോകുന്നില്ല.’’ വിജയരാഘവൻ പറഞ്ഞു.

“പക്ഷേ ഹീറോയും നായകനും രണ്ടാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇവിടെ അവാർഡിന് പരിഗണിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പേരുപറഞ്ഞ് അവാർഡ് വീതിക്കുകയാണ്. ഷാറൂഖ്‌ ഖാൻ അഭിനയിച്ചത് കണ്ടപ്പോൾ അദ്ദേഹമാണ് ഏറ്റവും നന്നായി അഭിനയിച്ചത് എന്ന് ജൂറിക്ക് തോന്നി. ഇതൊക്കെ ഒരു പത്തുപേര്‍ ചേർന്നിരുന്നു തീരുമാനിക്കുന്നു, അവർക്ക് തോന്നുന്നതുപോലെ അവർ ചെയ്യുന്നു. കേരളത്തിൽ പത്തുപേര്‍ കൂടിയിരുന്നു തീരുമാനിച്ചപ്പോൾ ഞാൻ മികച്ച സ്വഭാവ നടനായി. കേന്ദ്രത്തിൽ ഞാൻ സഹനടനായി. അത്രയേ ഉള്ളൂ.

ഇതൊക്കെ ഇങ്ങനെയേ വരൂ എന്ന് മനസിലാക്കുക, നമ്മൾ ഈ വിവാദത്തിനൊന്നും പോകാതിരിക്കുക, വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളാണ്. ഉർവശി പറഞ്ഞത് നൂറുശതമാനവും ശരിയാണ്. എന്നെ സംബന്ധിച്ച് ഞാൻ അവാർഡിന് വേണ്ടി അല്ല അഭിനയിക്കുന്നത്. ഞാൻ അഭിനയിക്കുന്നത് എനിക്ക് അഭിനയത്തോട് പാഷൻ ഉള്ളതുകൊണ്ടും എന്നെ ജനങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ്. 43 വർഷമായി സിനിമ മാത്രമായി ഞാൻ നിൽക്കുന്നു, അതിനു മുൻപ് ഒരു പത്തുപതിനഞ്ചു വർഷം നാടകം. അങ്ങനെ എല്ലാം കൂടി ഒരു അൻപത്തിയഞ്ചു വർഷമായി അഭിനയം തൊഴിലാക്കി നടക്കുന്ന ഒരാളാണ് ഞാൻ. അവാർഡ് പ്രതീക്ഷിച്ചായിരുന്നെങ്കിൽ ഞാൻ ഈ പണി എന്നേ നിർത്തി പോകണമായിരുന്നു. അവാർഡ് എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ല. ഒരു കൊച്ചുകുട്ടി തരുന്ന ഒരു പൂച്ചെണ്ട് മുതൽ ഇപ്പോൾ കിട്ടിയ അവാർഡ് വരെ എനിക്കൊരുപോലെ ആണ്. പ്രേക്ഷകർ എന്നെ അംഗീകരിക്കുന്നതാണ് ഏറ്റവും വലിയ അവാർഡ്”. വിജയരാഘവൻ കൂട്ടിച്ചേർത്തു.