
താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ പ്രതികരിച്ച് നടി കുക്കു പരമേശ്വരൻ. അമ്മ സംഘടനയുടെ സുപ്രധാന സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുവെന്നതാണോ ഇപ്പോൾ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണമെന്ന് അറിയില്ലെന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. കൂടാതെ മെമ്മറി കാർഡ് ആവശ്യപ്പെട്ടുകൊണ്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇപ്പോൾ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും കുക്കു പരമേശ്വരൻ വ്യക്തമാക്കി. സംവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“പ്രധാനപ്പെട്ട സ്ഥാനത്തേക്കോ തീരുമാനങ്ങളെടുക്കുന്നതോ ആയ പദവികളിലേക്കാണ് താൻ മത്സരിക്കുന്നത് എന്നതാണോ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണമെന്ന് എനിക്ക് അറിയില്ല. എനിക്കെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയില്ല. ഞാനൊരു സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കരുതുന്നില്ല. മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് തുറന്ന് പറയാമായിരുന്നു. എങ്കിൽ അത് പരിഹരിച്ചതിന് ശേഷം മാത്രമേ മത്സരത്തിന് ഇറങ്ങുമായിരുന്നുള്ളൂ. ആരോപണം ഉയർന്നിരിക്കുന്ന മെമ്മറി കാർഡുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത് 2018-ലാണ്. അതിനുശേഷം ഇത്രയും വർഷങ്ങൾ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഇതുവരെ ആരും ഇതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കുകയോ, മെമ്മറി കാർഡ് ആവശ്യപ്പെട്ടുകൊണ്ട് സമീപിക്കുകയോ ചെയ്തിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഇതിന് മുമ്പുതന്നെ അവർക്ക് അതിന്റെ ഉത്തരം കിട്ടുമായിരുന്നല്ലോ. അല്ലെങ്കിൽ മെമ്മറി കാർഡ് ആവശ്യപ്പെട്ടവർ അത് സംബന്ധിച്ച് പരാതിപ്പെടണമായിരുന്നല്ലോ”. കുക്കു പരമേശ്വരൻ പറഞ്ഞു.
“ഈ മെമ്മറികാർഡും അതിനുള്ളിലുള്ള കാര്യങ്ങളുമെല്ലാം അമ്മ എന്ന സംഘടനയുടേതാണ്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ലേ അത് ചെയ്യേണ്ടത്. ഇത് ഒരു അസോസിയേഷന്റെ കാര്യമാണ്. അവിടെ എന്റെ പദവി എന്തായിരുന്നു എന്നുപോലും ആരും ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് എല്ലാ ഉത്തരവാദിത്വവും എന്റെ മേലിൽ മാത്രം വെക്കുന്നതെന്നുപോലും മനസിലാകുന്നില്ല. കുക്കു എന്ന വ്യക്തിയെ മാധ്യമങ്ങളടക്കം എന്തുകൊണ്ടാണ് ലക്ഷ്യം വെക്കുന്നതെന്നും അറിയില്ല. എനിക്കെതിരേ നടക്കുന്ന എല്ലാ ഭീഷണികൾക്കെതിരേയും വേണ്ടുന്നതെല്ലാം നിയമപരമായി ചെയ്യുന്നുണ്ട്. അതുകൊണ്ട് അമ്മയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം അതിനെപ്പറ്റി വിശദമായി സംസാരിക്കാം”. കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കഴിഞ്ഞ ദിവസം കുക്കു പരമേശ്വരൻ പരാതി നൽകിയിരുന്നു.ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞായിരുന്നു പരാതി. കൂടാതെ യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.
ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. കുക്കുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെതിരെ നിയമപരമായി നീങ്ങാന്‍ ‘അമ്മ’യിലെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിയാണ് കുക്കു പരമേശ്വരന്‍ മെമ്മറി കാര്‍ഡ് മുക്കിയെന്നാണ് ആരോപണം. മെമ്മറികാര്‍ഡ് കൈയ്യില്‍ കരുതി കുക്കു മറ്റ് നടന്‍മാരെ വരുതിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
എന്നാൽ കുക്കു പരമേശ്വരനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരുന്നു. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്നും മാലാ പാർവതി പറഞ്ഞു.കൂടാതെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടിരുന്നു.