
എല്ലാ ഇൻഡസ്ട്രിയിലും പവർ ഗ്രൂപ്പ് ഉണ്ടെന്നും, പക്ഷെ എന്തായാലും മാറ്റം ഉണ്ടാകുമെന്നും തുറന്നു പറഞ്ഞ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ.
കൂടാതെ പുരുഷന്മാരെക്കാൾ നന്നായി ജോലി ചെയ്യാൻ സ്ത്രീകൾക്കു കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും, എങ്കിലും, എല്ലാവരുടെയും മനോഭവം മാറ്റാൻ കഴിയില്ലെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ.
“പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എൻ്റേത്. എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്‌തം. ഇൻഡസ്ട്രിയിൽ പവർ ഗ്രൂപ്പ് ഉണ്ടാകും. എല്ലാ ഇൻഡസ്ട്രിയിലും പവർ ഗ്രൂപ്പ് ഉണ്ട്. പുരുഷന്മാരെക്കാൾ നന്നായി ജോലി ചെയ്യാൻ സ്ത്രീകൾക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചു. എന്നാൽ, എനിക്കെതിരെ വന്ന കേസ് ശരിക്കും ഉലച്ചു. അങ്ങനെയൊരു കേസ് ഇതാദ്യമായാണ്. സുപ്രീം കോടതി അഭിഭാഷകരോടു വരെ ഞാൻ ഉപദേശം തേടി. ഒരു അമ്മ എന്ന നിലയിൽ ഏറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. എന്റെ മകൾക്ക് 13 വയസ്സ് ആകുന്നു. അവൾക്ക് ഞാനൊരു ‘ലൂസർ’ ആണെന്ന് തോന്നിപ്പോകുമോ എന്ന് ആശങ്കപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഒക്കെ മാറ്റി വച്ച് ആ പരാതി കൊടുത്ത ആളിന്റെ പിന്നാലെ ചികഞ്ഞു പോകാൻ വരെ ഒരു സമയത്ത് തോന്നി”. ശ്വേതാ മേനോൻ പറഞ്ഞു.
“സിനിമ നഷ്ടപ്പെടുന്നത് സാധാരണമാണ്. എല്ലാവർക്കും അത്തരം അനുഭവങ്ങളുണ്ടാകും. എനിക്കും ഉണ്ടായിട്ടുണ്ട്. ബോളിവുഡിൽ നിന്ന് മലയാളത്തിലേക്ക് വന്നപ്പോൾ ചേഞ്ചിങ് റൂം ഉണ്ടായിരുന്നില്ല. ശുചിമുറികൾ ഉണ്ടായിരുന്നില്ല. വൃത്തിയില്ലായ്മ ഒരു പ്രശ്നമായിരുന്നു. പാക്കപ്പ് ആകുമ്പോൾ പുരുഷന്മാരാണ് ആദ്യം പോയിരുന്നത്. സ്ത്രീകൾ പിന്നെയും വൈകും. ഇപ്പോൾ ധാരാളം സ്ത്രീകൾ ഇൻഡസ്ട്രിയിലുണ്ട്. കാര്യങ്ങൾ മാറിയിട്ടുണ്ട്. മലയാളി സമൂഹത്തിനും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.