
യുവ രാഷ്ട്രീയ നേതാവിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങളുമായി നടി റിനി ആന്‍ ജോര്‍ജ് രംഗത്ത്. യുവനേതാവിനെതിരേ അയാള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തില്‍നിന്നുതന്നെ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും, പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇയാളില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി. കൂടാതെ ആരോപണം രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണോ എന്ന ചോദ്യത്തിന്, നോ കമന്റ്‌സെന്നും, പ്രസ്ഥാനത്തിന്റേയും വ്യക്തിയുടേയും പേര് പലതവണ ചോദിച്ചപ്പോള്‍ ‘ഹൂ കെയേഴ്‌സ്’ എന്ന് നടി ആവര്‍ത്തിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.
‘നേതൃത്വത്തിലിരിക്കുന്ന, ഒരുപാട് പേര്‍ക്ക് ശല്യമാവുന്ന വ്യക്തിയെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നു. വലിയ സംരക്ഷണ സംവിധാനം ആ വ്യക്തിക്കുണ്ട്. പരാതിപ്പെടും എന്ന് പറഞ്ഞപ്പോള്‍ ‘പോയ് പറയ്, എന്നാണ് പറഞ്ഞത്. ഒരു പ്രസ്ഥാനത്തേയും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തിലുള്ള ആളുകളെ നിലനിര്‍ത്തി മുന്നോട്ടുപ്പോവരുത്. രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ധാര്‍മികത വേണം. ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കുംവരെ ഇയാളില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് സ്വന്തം ഭാര്യയേയും മകളേയും സംരക്ഷിക്കാന്‍ കഴിയാത്തത്. ഇത്തരക്കാരെ റീല്‍സും കാര്യങ്ങളും നോക്കി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്’, റിനി ആരോപിച്ചു.
‘പലരുടേയും അടുത്ത് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പറഞ്ഞതിന് ഒരു നീക്കുപോക്കും ഇല്ലാതെ ആ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിച്ചു. പിന്നീടും പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അതുകൊണ്ട് ഞാന്‍ ഇനിയും മൗനമായി ഇരിക്കുന്നതില്‍ യോജിപ്പ് തോന്നിയില്ല. അതുകൊണ്ട് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. പേര് പറഞ്ഞു മുന്നോട്ടുപോയാലും നീതി കിട്ടില്ല. എന്റെ ജീവിതം അപകടത്തില്‍പ്പെടുത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇനിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇത്തരം യുവനേതാക്കളെ നിയന്ത്രിക്കാന്‍ തയ്യാറാവണം. പരാതി പറഞ്ഞപ്പോള്‍ പല നേതാക്കളുടേയും മറുപടി കേട്ടപ്പോള്‍ വിഗ്രഹങ്ങള്‍ ഉടഞ്ഞുപോയി റിനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് താരം കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിൽ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും, മോശമായി അപ്രോച്ചുകള്‍ നടത്തിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.മൂന്നര വര്‍ഷം മുമ്പ് സാമൂഹികമാധ്യമ അക്കൗണ്ട് വഴിയാണ് ഇരുവരും പരിചയം തുടങ്ങിയത്. പിന്നീട് യുവ നേതാവ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴിയും ടെലിഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം പല മോശം സന്ദേശങ്ങളും അയക്കുകയും മോശമായി അപ്രോച്ച് ചെയ്യുകയും ചെയ്തു. നടി പലതവണ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിലക്കിയിട്ടും ഒരു സുഹൃത്ത് എന്ന നിലയില്‍ ഉപദേശിച്ചിട്ടും മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന സന്ദേശം വന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ അഭിമുഖം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ഗിന്നസ് പക്രു നായകനായി എത്തിയ 916 കുഞ്ഞൂട്ടന്‍ എന്ന ചിത്രത്തിലാണ് റിനി ആന്‍ ജോര്‍ജ് അഭിനയിച്ചത്. ആര്യന്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ് 23ന് തിയേറ്ററിലെത്തിയ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച റിനി ആന്‍ ജോര്‍ജിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍.