“എന്നും ഭാര്യയുടെ കാല് തൊട്ട് വന്ദിക്കും”; നടൻ രവി കിഷൻ

','

' ); } ?>

ഭാര്യയുടെ സഹകരണവും ത്യാഗവും എപ്പോഴും സ്മരിക്കേണ്ടതാണെന്നും, താൻ എന്നും ഭാര്യയുടെ കാല് തൊട്ട് വന്ദിക്കലുണ്ടെന്നും തുറന്നു പറഞ്ഞ് നടനും എംപിയുമായ രവി കിഷന്‍. നെറ്റ്ഫ്ലിക്സിലൂടെ പ്രക്ഷേപണം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ സംസാരിക്കവേ കപില്‍ ശര്‍മ്മയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന സിനിമയുടെ പ്രചാരണത്തിനായാണ് അദ്ദേഹം അജയ് ദേവ്‌ഗണ്‍, മൃണാള്‍ ഠാക്കൂര്‍ എന്നിവരോടൊപ്പം ഷോയില്‍ പങ്കെടുത്തത്.

“ഞാന്‍ ഒരു കാലത്ത് ഒന്നുമില്ലാത്ത ഒരു വ്യക്തിയായിരുന്നു. അപ്പോഴും ഒരു മടിയുമില്ലാതെ എന്റെ കൂടെയുണ്ടായിരുന്നവളാണ് പ്രീതി. ഇന്ന് ഞാനെന്താണെങ്കിലും, അതിന് പിന്നില്‍ അവളുടെ നിസ്വാര്‍ഥ പിന്തുണയും വിശ്വാസവുമുണ്ട്. അത്കൊണ്ട് ഞാനെന്നും ഉറങ്ങുന്നതിനു മുന്നേ അവളുടെ കാല്‍ തൊട്ട് വന്ദിക്കും. അവള്‍ അതിനോട് എതിരാണ്. അത് കൊണ്ട് അവള്‍ ഉറങ്ങുമ്പോഴാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്.” രവി കിഷന്‍ വ്യക്തമാക്കി.

1993ലാണ് പ്രീതി കിഷനുമായി രവി കിഷന്‍ വിവാഹിതനായത്. റീവ, തനിഷ്ക്, ഇഷിത, സാക്ഷവ് എന്നീ നാല് മക്കളാണ് ദമ്പതിമാര്‍ക്ക്. അതില്‍ റീവ കിഷന്‍ ബോളിവുഡില്‍ ‘സബ് കുശല്‍ മംഗള്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. രവിയുടെ ഇമോഷണല്‍ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. “യഥാർത്ഥ സ്നേഹത്തിന് ഇതാണ് ഉദാഹരണം,” എന്നിങ്ങനെയുള്ള കമന്റുകളാണ് ഏറെ. ഭാര്യയുടെ ത്യാഗം തിരിച്ചറിയുന്ന ഭർത്താവിന്റെ മനോഭാവം അഭിനന്ദനാര്‍ഹമാണെന്ന നിലപാടിലാണ് കൂടുതൽ പ്രതികരണങ്ങളും.