ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ മോഡലായ സൗമ്യയെ ഇന്ന് എക്സൈസ് ചോദ്യം ചെയ്തു. സൗമ്യയ്ക്ക് തസ്ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ടായിരുന്നത്. ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തസ്ലിമ ഇവരുമായി ലഹരി ഇടപാട് നടത്തിയതിൻ്റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ സാമ്പത്തിക ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തിന് വേണ്ടിയാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഒരുമിച്ചും ഒറ്റക്കിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ പൂർണമായും സഹകരിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അന്വേഷണം സംഘം വിലയിരുത്തുന്നത്. എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. തസ്ലിമയുടെ പെൺവാണിഭ ഇടപാടുകളെക്കുറിച്ചും സുൽത്താൻ അക്ബർ അലിയുടെ രാജ്യന്തര സ്വർണക്കടത്തിനെ കുറിച്ചും എക്സൈസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിന് കൈമാറാനാണ് ആലോചന. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.
അതേ സമയം ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി സൗമ്യ എന്നിവരെ ഇന്ന് ചോദ്യം ചെയ്തു. ആലപ്പുഴ എക്സൈസ് ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നുവെങ്കിലും മൂന്നുപേരും ആവശ്യപ്പെട്ട സമയത്തേക്കാൾ മുമ്പേ ഓഫീസിൽ എത്തി. ഷൈൻ ടോം ചാക്കോ 7.35ന്, ശ്രീനാഥ് ഭാസി 8.10ന്, സൗമ്യ 8.30ന് എന്നിങ്ങനെയാണ് എക്സൈസ് ഓഫീസിൽ ഹാജരായത്.
മൂവരെയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചോദ്യം ചെയ്തത് . ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം കൊച്ചിയിലെത്തിയ ഷൈൻ, താൻ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിടണമെന്നുമാണ് ആവശ്യപ്പെട്ടത്. ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പമാണ് എത്തിയത്. മോഡൽ സൗമ്യ, തസ്ലീമ സുഹൃത്താണെന്നു മാത്രമേ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നൊള്ളു.
തസ്ലീമ നൽകിയ മൊഴിയിൽ ശ്രീനാഥും ഷൈനും ലഹരി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തസ്ലീമയും ഇവരും തമ്മിലുള്ള വാട്ട്സ്ആപ്പ് കോളുകളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്.
ചോദ്യം ചെയ്യൽയുടെ ആദ്യ ഘട്ടത്തിൽ മൂവരെയും പ്രത്യേകിച്ചിരുത്തിയാണ് വിശദമായി വിവരങ്ങൾ തേടിയത്. തുടർന്ന് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലും നടന്നു. അവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി കേസിൽ പ്രതി ചേർക്കണോ എന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച കേസിൽ റാപ്പർ വേടനെ ഇന്ന്അ റസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചെന്ന് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വേടന്റെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. 9 പേരാണ് റൂമിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. പിടിയിലായ കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട് . സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ലഹരി ഉപയോഗിച്ചതെന്നും സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമീറിന് നോട്ടീസ് അയക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേര്‍ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.