പ്രശസ്ത ഹോളിവുഡ് താരങ്ങളായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും ഇദ്രിസ് എല്‍ബയ്ക്കും കൊറോണ. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയത്. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലൂടെ പ്രശസ്തനായ താരമാണ് ക്രിസ്റ്റഫര്‍ ഹിവ്ജു. തോര്‍, പസിഫിക് റിം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്രിസ്.
കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം നോര്‍വേയിലെ വീട്ടില്‍ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ക്രിസ്റ്റഫര്‍ ഹിവ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തനിക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും കണ്ടു തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ ഐസൊലേഷനിലാണെന്നും ട്വിറ്ററിലൂടെ ഇദ്രിസ് എല്‍ബ അറിയിച്ചു. കോവിഡ് മുന്നറിയിപ്പ് നല്‍കുന്ന ഒരു വീഡിയോക്കൊപ്പമാണ് രോഗവിവരം പങ്കുവെച്ചത്. തന്നോടൊപ്പം ഇടപഴകിയ ചിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് താരം ടെസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗ ലക്ഷണമുള്ളവര്‍ പുറത്തിറങ്ങി നടക്കരുതെന്നും ഇദ്രിസ് പറയുന്നുണ്ട്. കൊറോണ വൈറസ് ഭീതി സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ് അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.