
മലയാളത്തില്‍ അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ ഉയര്‍ന്ന പ്രതിഫലമാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി പ്രിയ വാര്യർ. ആളുകൾക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണയുണ്ടെന്നും, തനിക്ക് അങ്ങനെ കടും പിടുത്തമൊന്നുമില്ല എന്നും താരം വെളിപ്പെടുത്തി. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”അങ്ങനൊരു തെറ്റിദ്ധാരണയുണ്ട് ആളുകൾക്ക്. പ്രിയ ഭയങ്കരമായി പ്രതിഫലം വാങ്ങുന്ന ആളാണെന്ന്. അങ്ങനൊക്കെ ആയിരുന്നുവെങ്കില്‍, വല്ല ദുബായിലോ വേറെ എവിടെയെങ്കിലും പോയി സെറ്റില്‍ ആകുമായിരുന്നില്ലേ എനിക്ക്”. പ്രിയ വാര്യർ പറഞ്ഞു.
”എനിക്ക് അത്രയും അപ്പീലിങ് ആയിട്ട് തോന്നുന്ന സബ്ജക്ട് ആണെങ്കില്‍ ഫ്രീയായി വന്ന് ചെയ്യാന്‍ ഞാൻ തയ്യാറാണ്. പണവും പ്രശസ്തിയുമല്ല എന്റെ പ്രൈമറി ഗോള്‍. എനിക്ക് അഭിനയിക്കണം, നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവെക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ്. പണവും പ്രശസ്തിയും രണ്ടാമതാണ്. നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ് ചെയ്യുന്നതാണെങ്കില്‍ പോലും. എനിക്ക് അങ്ങനെ കടും പിടുത്തമൊന്നുമില്ല. ബാര്‍ഗെയ്‌നിങിന് സ്‌പേസ് കൊടുക്കാറുണ്ട്.” പ്രിയ വാര്യർ കൂട്ടിച്ചേർത്തു.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്തും വൈറലായിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ പ്രിയ ഒടുവിലായി അഭിനയിച്ചത് മന്ദാകിനിയിലെ അതിഥി വേഷത്തിലാണ്. ഹിന്ദി ചിത്രങ്ങളായ ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ് എന്നിവ അണിയറയിലുണ്ട്.