അക്വേറിയം സിനിമ റിലീസിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

അക്വേറിയം എന്ന പേരിലുള്ള മലയാളസിനിമയുടെ ഒടിടി റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.തുടര്‍ന്നാണ് ഹൈക്കോടതി സിനിമ
സ്റ്റേ ചെയ്തത്.

രണ്ട് തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ‘പിതാവിനും പുത്രനും’ എന്ന സിനിമയാണ് പേര് മാറ്റി അക്വേറിയം എന്നാക്കിമാറ്റിയത്.മെയ് 14 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് വോയ്സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്റ്റേ ചെയ്തത്.

സണ്ണി വെയ്നും ഹണി റോസും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ദേശീയപുരസ്‌കാര ജേതാവായ ടി.ദീപേഷാണ് ചിത്രത്തിന്റെ സംവിധായകന്‍.

2013 ല്‍ പിതാവിനും പുത്രനും എന്ന പേരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 2020 ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റദ്ധരിപ്പിച്ചാണ് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒടിടി റിലീസിനോട് അനുബന്ധിച്ച് പത്രങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.