
നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഉപേക്ഷിച്ച കേസിലാണ് ഉത്തരവ്. അറസ്റ്റ് ഭയന്ന നടി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സെപ്റ്റംബര്‍ 17 വരെ നടിയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞത്. കേസ് അതേദിവസം വീണ്ടും പരിഗണിക്കും.
ആലുവ സ്വദേശി അലിയാർ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി നൽകിയിരുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെയും പ്രതി ചേർത്തത്.കേസില്‍ മൂന്നാം പ്രതിയായ ലക്ഷ്മി മേനോൻ നിലവിൽ ഒളിവിലാണ്. പരാതിക്കാരന്‍ നല്‍കിയ ദൃശ്യങ്ങളില്‍ നിന്നും കാറില്‍ ഇരിക്കുന്ന യുവാവിനോട് സോന എന്ന യുവതി തര്‍ക്കിക്കുന്നതും നടി ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തിലുണ്ട്. കൂട്ടുപ്രതികളായ പറവൂര്‍ വെടിമറ സ്വദേശി മിഥുന്‍, ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചാണ് തർക്കം ഉണ്ടാകുന്നത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങുകയായിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നും, കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പരാതിയിൽ പറയുന്നു. തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.