കാന്താര വിവാദം ; പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയായ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികള്‍ക്ക് കാരണം.

അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി.

എന്നാല്‍ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. ഗാനം യഥാര്‍ത്ഥ നിര്‍മ്മിതി തന്നെയാണെന്ന് സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞു. പകര്‍പ്പവകാശ ലംഘന കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരമം. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ മുഴുവന്‍ പൊലീസിനെ അറിയിച്ചെന്നും സംവിധായകന്‍ പറഞ്ഞു. സംവിധായകനും നിര്‍മ്മാതാവ് വിജയ് കിരഗന്തൂരൂം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.