ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി: നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

','

' ); } ?>

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. കേസിന്റെ വിചാരണ അവസാനഘട്ടത്തിലായതിനാലാണ് ഹർജി തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ദിലീപിന്റെ ഹർജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. നിഷ്പക്ഷമായ ആഴത്തിലുള്ള അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് ആദ്യമായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണക്കിടയിൽ കോടതി ദിലീപിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിചാരണ വൈകിപ്പിക്കാൻ തന്നെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് കോടതിയുടെ നിലപാട്. കേസിന്റെ അന്തിമവാദം കേട്ട ശേഷമാണ് ഹര്‍ജി തള്ളിയതും അതിനൊപ്പം ഹര്‍ജി തീര്‍പ്പാക്കിയതും.

കേസിന്റെ അന്വേഷണം ഏത് ഏജൻസിയാണ് നടത്തേണ്ടത് എന്ന് തീരുമാനിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസ് നിലവിൽ വിചാരണയുടെ അവസാനഘട്ടത്തിലുള്ളത്. അന്തിമവാദം പൂര്‍ത്തിയാക്കിയ ശേഷം ജൂൺ മാസത്തിൽ വിധി പുറപ്പെടുവിക്കപ്പെടുമെന്നാണ് പ്രതീക്ഷ.