‘കിങ്ഡം’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

','

' ); } ?>

വിജയ് ദേവരകൊണ്ട നായകനായ തെലുഗു സിനിമ ‘കിങ്ഡ’ത്തിന്റെ പ്രദർശനം തടയാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി.
ഉള്ളടക്കത്തോട് വിയോജിപ്പുണ്ടാവാമെങ്കിലും സെൻസർബോർഡിന്റെ അനുമതി ലഭിച്ച സിനിമയുടെ പ്രദർശനം തടയാൻ ആർക്കും അവകാശമില്ലെന്നനാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി വ്യക്തമാക്കിയത്. കൂടാതെ ‘കിങ്ഡം’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

“ചില സിനിമകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് ചിലർക്ക് എതിർപ്പുണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ, ജനാധിപത്യ വ്യവസ്ഥയിൽ കലാസൃഷ്ടികൾ നടത്താനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ആശയം സ്വീകാര്യമല്ലെങ്കിൽക്കൂടി സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയുടെ പ്രദർശനം തടയാൻ മൂന്നാമതൊരു കക്ഷിക്ക് അവകാശമില്ല. എന്നാൽ, രാഷ്ട്രീയ കക്ഷികൾക്ക് അനുവദനീയമായ രീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കാം” -കോടതി വ്യക്തമാക്കി.

നാം തമിഴർ കക്ഷി നേതാവ് സീമാൻ സിനിമയ്ക്കെതിരേ പ്രസ്താവനയിറക്കിയ ശേഷമാണ് തിയേറ്ററുകൾക്കുമുന്നിൽ സംഘർഷമുണ്ടായതെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. എന്നാൽ, സിനിമയോടുള്ള വിയോജിപ്പു പ്രകടിപ്പിച്ചു എന്നല്ലാതെ അതിന്റെ പ്രദർശനം തടയാൻ സീമാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം”കിങ്‌ഡ”ത്തിന്റെ പ്രദർശനം തമിഴ്‌നാട്ടിൽ വിലക്കണമെന്ന് പ്രതിഷേധിച്ച് നാം തമിഴർ കക്ഷി (എൻടികെ) പ്രവർത്തകർ ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചിത്രം ശ്രീലങ്കയിലെ തമിഴ്സംഘടനകളെയും തമിഴ് ഈഴത്തിനായുള്ള പോരാട്ടത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് എൻടികെ, എംഡിഎംകെ നേതാക്കൾ പറയുന്നത്. സിനിമയുടെ പ്രദർശനം നിർത്തിയില്ലെങ്കിൽ തിയേറ്ററുകൾ ഉപരോധിക്കുമെന്ന് എൻടികെ നേതാവ് സീമാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ് നാട്ടിൽ ചിലയിടങ്ങളിൽ ചിത്രത്തിൻറെ പോസ്റ്റർ കീറുകയും, കിങ്ഡം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കുമുന്നിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തുകയും ചെയ്തു.

ഗൗതം തിന്നനൂരി സംവിധാനംചെയ്ത സിനിമയുടെ തെലുഗു പതിപ്പും തമിഴിലേക്ക് മൊഴിമാറ്റിയ പതിപ്പും ഓഗസ്റ്റ് ഒന്നുമുതൽ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തുനിന്ന് ഇതിനകം ആറുകോടിയോളം രൂപ വരുമാനം നേടിയിട്ടുമുണ്ട്. തെലങ്കാനയിലെ നൈസാമാബാദിൽനിന്നുള്ള സഹോദരൻമാർ വർഷങ്ങൾക്കുശേഷം ശ്രീലങ്കയിൽവെച്ച് കണ്ടുമുട്ടുന്ന കഥയാണ് കിങ്ഡം പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ തമിഴ്സംഘടനകളെ കുറ്റവാളിസംഘങ്ങളെപ്പോലെ ചിത്രീകരിക്കുന്നുവെന്നായിരുന്നു വിമർശനം.